ADVERTISEMENT

കൊച്ചി∙ മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനലിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. മട്ടാഞ്ചേരി ടെർമിനൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു കൗൺസിലർ ടി.കെ. അഷ്റഫും സ്ഥലവാസികളും നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ആദ്യത്തെ കരാറുകാരൻ നിർമാണം ഏറ്റെടുത്തില്ലെന്നും പുതിയ ടെൻഡർ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും കൊച്ചി വാട്ടർ മെട്രോ അറിയിച്ചു. 3 മാസത്തിനകം ടെൻഡർ അന്തിമമാക്കും. തുടർന്ന് 9 മാസത്തിനകം പണി പൂർത്തിയാക്കുമെന്നും അറിയിച്ച സാഹചര്യത്തിലാണു കോടതിയുടെ നിർദേശം.

നേരത്തേ കൊച്ചി വാട്ടർ മെട്രോ നൽകിയ വിശദീകരണം രേഖപ്പെടുത്തി ഹർജി തീർപ്പാക്കിയിരുന്നു. എന്നാൽ തങ്ങൾക്കു പിശകു പറ്റിയെന്നും ഫോർട്ട്കൊച്ചി ടെർമിനലിന്റെ വിശദാംശങ്ങളാണു തെറ്റായി അറിയിച്ചതെന്നും പറഞ്ഞു വാട്ടർ മെട്രോയുടെ അഭിഭാഷകൻ വീണ്ടും കേസ് എടുപ്പിക്കുകയായിരുന്നു. മട്ടാഞ്ചേരി ടെർമിനലിന്റെ വിവരങ്ങൾ അറിയിച്ചതിനെത്തുടർന്നു മുൻ ഉത്തരവു ഭേദഗതി ചെയ്താണു കോടതി പുതിയ നിർദേശം പുറപ്പെടുവിച്ചത്.

ഫോർട്ട്കൊച്ചി ടെർമിനൽ ഡിസംബറിൽ: ബെഹ്റ

ഫോർട്ട്കൊച്ചി∙ ജല മെട്രോ ഫോർട്ട്കൊച്ചി ടെർമിനലിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്നു കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. കമാലക്കടവിലെ ടെർമിനലിന്റെ നിർമാണ ജോലികൾ നിരീക്ഷിക്കുന്നതിന് എത്തിയതായിരുന്നു അദ്ദേഹം.കെട്ടിടത്തിന്റെ മേൽക്കൂരയുടെ ജോലി നടക്കുകയാണ്. കെട്ടിടത്തിന്റെ പെയിന്റിങ് പോലും പൈതൃക രീതിയിലുള്ളതാകണമെന്ന് അദ്ദേഹം നിർദേശിച്ചു. കെട്ടിടത്തിനു സമീപം 100 അടി ഉയരത്തിലുള്ള തൂൺ നിർമിച്ച് അതിൽ ദേശീയ പതാക ഉയർത്തും. 

കൊച്ചിയിലേക്ക് എത്തുന്ന കപ്പലുകൾക്കും കൊച്ചി കാണാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കും ഇതു വിസ്മയ കാഴ്ചയാകും. മട്ടാഞ്ചേരി ജല മെട്രോ ജെട്ടി നിർമാണത്തിന് ഉടൻ ടെൻഡർ വിളിക്കുമെന്നും ഒരു വർഷത്തിനകം അതിന്റെ നിർമാണം പൂർത്തിയാക്കുമെന്നും ബെഹ്റ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT