തദ്ദേശ വോട്ടർ പട്ടിക: 18 തികഞ്ഞ ആയിരക്കണക്കിനു പേർ പുറത്ത്

Mail This Article
കാക്കനാട്∙ തദ്ദേശ സ്ഥാപന വോട്ടർ പട്ടികയിലേക്കുള്ള പേരു ചേർക്കൽ അവസാനിച്ചു. ജില്ലയിൽ 18 തികഞ്ഞ ആയിരങ്ങൾ ഇപ്പോഴും പട്ടികയിൽ ഉൾപ്പെടാതെ പുറത്തു നിൽക്കുകയാണ്. വോട്ടർ പട്ടിക പുതുക്കിയതിലെ അശാസ്ത്രീയതയാണു നവാഗതർക്കു വോട്ടർ പട്ടികയിൽ കയറാൻ തടസ്സമായത്. കഴിഞ്ഞ ജനുവരി ഒന്നിന് 18 തികഞ്ഞവരെ മാത്രമാണ് ഇപ്പോൾ തദ്ദേശ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 9 മാസത്തിനിടെ 18 തികഞ്ഞവരെയാണു മാറ്റിനിർത്തിയത്. ഇവർക്കു പിന്നീട് അവസരം നൽകാമെന്നാണു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം.
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ 2024 ജനുവരി ഒന്നിന് 18 തികഞ്ഞവരെ ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കുന്ന വേളയിലാണു സംസ്ഥാന കമ്മിഷൻ പതിനെട്ടുകാരെ അകറ്റി നിർത്തിയത്. തദ്ദേശ പട്ടികയിൽ കയറാനായില്ലെങ്കിലും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നവാഗതർ കൂട്ടത്തോടെ അപേക്ഷ നൽകുന്നുണ്ട്. തദ്ദേശ പട്ടികയിൽ പേരു ചേർക്കൽ അവസാനിപ്പിച്ചെങ്കിലും മരണമടഞ്ഞവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുന്ന നടപടി 30 വരെ തുടരും. മരണമടഞ്ഞ 52,568 പേരെ ഇന്നലെ വരെ തദ്ദേശ പട്ടികയിൽ നിന്നു നീക്കിയിട്ടുണ്ട്. 5 വർഷത്തിനു ശേഷമാണു തദ്ദേശ വോട്ടർ പട്ടിക പുതുക്കുന്നതെന്നതിനാലാണ് ഒഴിവാക്കപ്പെടേണ്ടവരുടെ എണ്ണം കൂടുന്നത്.