പുക്കാട്ടുപടിയിൽ വൺവേ തെറ്റിച്ച് വാഹനങ്ങൾ
Mail This Article
കിഴക്കമ്പലം∙ പുക്കാട്ടുപടിയിൽ വൺവേ സംവിധാനം തെറ്റിക്കുന്ന വാഹനങ്ങൾ മൂലം അപകടം പതിവാകുന്നു. ആലുവ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും പെരുമ്പാവൂരിൽ നിന്നു വരുന്ന വാഹനങ്ങളും വായനശാല ഭാഗത്തു നിന്നു തിരിഞ്ഞു പുക്കാട്ടുപടി ബൈപാസ് വഴി വേണം എറണാകുളത്തേക്കു പോകാൻ. എന്നാൽ പല വാഹനങ്ങളും പുക്കാട്ടുപടി ജംക്‌ഷനിലുള്ള റോഡിലൂടെ തിരിഞ്ഞു പോകാൻ ശ്രമിക്കുന്നതാണ് അപകടത്തിനു കാരണമാകുന്നത്. ഈ റോഡിൽ തിരിയുന്ന ഭാഗത്തു പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല.
വൺവേ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുവാൻ ഹോം ഗാർഡുമാരെ നിയമിക്കണമെന്നാണ് ആവശ്യം.പുക്കാട്ടുപടിയിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ ഒരു വർഷം മുൻപു പൊലീസിന്റെയും ജന പ്രതിനിധികളുടെയും വ്യാപാരികളുടെയും സാന്നിധ്യത്തിലാണു വൺവേ നടപ്പിലാക്കിയത്. മാസങ്ങളോളം ഭംഗിയായി നടപ്പാക്കുകയും ചെയ്തിരുന്നു.പുക്കാട്ടുപടി ബൈപാസ് റോഡ് പൊട്ടിപ്പൊളിഞ്ഞു വാഹനങ്ങൾക്കു സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡ് ശോച്യാവസ്ഥയിലായതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. മഴ ശക്തമായതോടെ റോഡിൽ ചെളിയും വെള്ളവും കെട്ടിക്കിടക്കുകയാണ്.