അരൂർ ക്ഷേത്രം കവലയിലെ സിഗ്നൽ തകരാറിൽ; കുരുക്ക് രൂക്ഷം

Mail This Article
അരൂർ∙ആകാശപ്പാത നിർമാണത്തിന്റെ ഭാഗമായി ദേശീയപാതയും ഇടറോഡുകളും മണിക്കൂറുകളോളം സ്തംഭിക്കുന്നു. അരൂർ ക്ഷേത്രം കവലയിലെ സിഗ്നൽ സംവിധാനം വൈദ്യുതി നിലയ്ക്കുമ്പോൾ കണ്ണടയ്ക്കുന്നതിനാൽ ഇന്നലെ ക്ഷേത്രം കവലയിലെ ഓട്ടോ ഡ്രൈവർമാരാണ് ഗതാഗതം നിയന്ത്രിച്ചത്. അരൂർ ബൈപാസ് കവലയിലെ സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. കവലയിൽ ഗതാഗതം നിയന്ത്രിക്കാൻ ആരും ഇല്ല. ദേശീയപാതയിലെ കുരുക്കു മൂലം അരൂരിലെ ഇടറോഡുകളിലും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വാഹനങ്ങൾ നിരങ്ങി നീങ്ങുന്നതു മൂലം ലക്ഷ്യ സ്ഥാനത്തെത്താൻ മണിക്കൂറുകൾ വേണ്ട അവസ്ഥയാണ്. ഗതാഗതക്കുരുക്കിനു പരിഹാരമായി ദേശീയപാതയുടെ ഇരുവശങ്ങളിലും സർവീസ് റോഡുകൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് നാലുവരിപ്പാതയുടെ കരാർ കമ്പനി അധികൃതർ പ്രഖ്യാപനം നടത്തിയിട്ട് ആഴ്ചകളായെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ്. കൂടുതൽ ജോലിക്കാരെ നിർത്തി സർവീസ് റോഡുകൾ പൂർത്തിയാക്കാൻ കരാർ കമ്പനി തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.