ADVERTISEMENT

കൊച്ചി ∙ മലയാള സിനിമയെ ലോക സിനിമയിലേക്കു കൈപിടിച്ച സംവിധായക പ്രതിഭ കെ.ജി. ജോർജിനു കേരളവും മലയാള സിനിമാലോകവും വിടചൊല്ലി. ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ടു 4.15നു രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മതപരമായ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സിനിമാ പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകളെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ മൃതദേഹം അഗ്നിജ്വാലകൾ ഏറ്റുവാങ്ങി. കാക്കനാട്ടെ സിഗ‌്‌നേചർ ഏജ്ഡ് കെയറിൽ ഞായറാഴ്ചയായിരുന്നു കെ.ജി. ജോർജിന്റെ അന്ത്യം. പക്ഷാഘാതത്തെ തുടർന്നു വർഷങ്ങളായി അവിടെയായിരുന്നു താമസം.

മൃതദേഹം ഇന്നലെ രാവിലെ പതിനൊന്നോടെ പൊതുദർശനത്തിനായി ടൗൺഹാളിൽ എത്തിച്ചപ്പോൾ സിനിമ–രാഷ്ട്രീയ– സാംസ്കാരിക–കലാ–സാഹിത്യ മേഖലകളിൽ നിന്നുള്ള ഒട്ടേറെപ്പേർ അന്ത്യോപചാരമർപ്പിച്ചു. കെ.ജി. ജോർജിന്റെ ഭാര്യ സൽമ, മകൻ അരുൺ എന്നിവർ ഗോവയിൽ നിന്നു കഴിഞ്ഞ രാത്രി സിഗ‌്‌നേചർ ഏജ്ഡ് കെയറിലെത്തിയിരുന്നു. വിദേശത്തായിരുന്ന മകൾ താരയും കെ.ജി. ജോർജിന്റെ സഹോദരൻ സാമും എത്തി. സംസ്ഥാന സർക്കാർ, മുഖ്യമന്ത്രി, മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർക്കു വേണ്ടി അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്. ഷാജഹാൻ പുഷ്പചക്രം അർപ്പിച്ചു.

ചലച്ചിത്ര അക്കാദമിക്കു വേണ്ടി ഭരണസമിതിയംഗം ഹരിശ്രീ അശോകൻ പുഷ്പചക്രം സമർപ്പിച്ചു. എംഎൽഎമാരായ കെ. ബാബു, ടി.ജെ. വിനോദ്, ഉമ തോമസ്, മഞ്ഞളാംകുഴി അലി, മേയർ എം. അനിൽകുമാർ, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ, ജോഷി, കമൽ, സിബി മലയിൽ, രൺജി പണിക്കർ, എസ്.എൻ. സ്വാമി, വേണു, ബ്ലെസി, ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു, കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, ലാൽ, ജോജു ജോർജ്, നരേൻ, ജലജ, സിയാദ് കോക്കർ, ജോയ് തോമസ്, സുരേഷ് കുമാർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ഗാന്ധിമതി ബാലൻ, റാഫി, മെക്കാർട്ടിൻ, ലിജോ ജോസ് പെല്ലിശേരി, എ.കെ.സാജൻ, പ്രിയനന്ദൻ, ജോസ് തോമസ്, ശ്രീമൂലനഗരം മോഹനൻ,

ഷിബു ചക്രവർത്തി, ഡോ. കെ.എസ്.രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ഡോ. സെബാസ്റ്റ്യൻ പോൾ, സുരേഷ് കുറുപ്പ്, ബി.ബാബുപ്രസാദ്, ഡൊമിനിക് പ്രസന്റേഷൻ,  ജോസ് തെറ്റയിൽ, ജസ്റ്റിസ് സിറിയക് ജോസഫ്, സജി നന്ത്യാട്ട് ഉൾപ്പെടെയുള്ളവർ പ്രണാമമർപ്പിച്ചു. ചലച്ചിത്ര സംഘടനകളായ ‘അമ്മ’, മാക്ട, ഫെഫ്ക, കേരള ചലച്ചിത്ര അക്കാദമി, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, പബ്ലിക് ലൈബ്രറി തുടങ്ങിയവയ്ക്കു വേണ്ടിയും അന്ത്യോപചാരമർപ്പിച്ചു.

വൈകിട്ടു ഫെഫ്കയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. സർക്കാരിനെ പ്രതിനിധീകരിച്ചു സാംസ്കാരിക മന്ത്രിയോ മറ്റു മന്ത്രിമാരോ അന്ത്യാഞ്ജലി അർപ്പിക്കാനെത്താതിരുന്നതു ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ചർച്ചയായി. ഞായറാഴ്ച മരണ വാർത്തയറിഞ്ഞിട്ടും സർക്കാർ പ്രതിനിധിയായെത്തിയത് എഡിഎം മാത്രമാണ്. 

മൃതദേഹം ദഹിപ്പിച്ചത് കെ.ജി. ജോർജിന്റെ ആഗ്രഹപ്രകാരം: സൽമ ജോർജ്

കൊച്ചി ∙മരണശേഷം പള്ളി സെമിത്തേരിയിലെ സംസ്കാരച്ചടങ്ങുകൾക്കു കെ.ജി. ജോർജിനു താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണു മൃതദേഹം ദഹിപ്പിച്ചതെന്നും ഭാര്യ സൽമ ജോർജ്. താൻ മരിച്ചാലും ഇതാണു തന്റെയും ആഗ്രഹമെന്നും സൽമ പറഞ്ഞു. ‘ഞാനും മക്കളും വളരെ നന്നായിത്തന്നെയാണു കെ.ജി. ജോർജിനെ നോക്കിയിരുന്നത്. പക്ഷാഘാതത്തെത്തുടർന്നു തുടർചികിത്സയും മറ്റും ആവശ്യമായിരുന്ന തിനാലാണു കാക്കനാട്ടെ ഏജ്ഡ് കെയറിലേക്കു മാറ്റിയത്.

മകൻ ഗോവയിലും മകൾ ദോഹയിലുമായതിനാൽ ഒറ്റയ്ക്കു താമസിക്കാൻ കഴിയാത്തതിനാലാണു ഗോവയിലേക്കു പോയത്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം എല്ലാ ആഴ്ചയിലും കൊടുത്തയയ്ക്കാൻ സൗകര്യം ഒരുക്കിയിരുന്നു. നല്ല സിനിമകൾ ചെയ്തെങ്കിലും അതിൽ നിന്ന് അദ്ദേഹം പണമുണ്ടാക്കിയിരുന്നില്ല. സ്വത്തു കൈവശപ്പെടുത്തി അദ്ദേഹത്തെ വയോജന കേന്ദ്രത്തിലാക്കിയെന്നാണു സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പലരും ആരോപിക്കുന്നത്. കാര്യങ്ങളെല്ലാം സിനിമാ രംഗത്തുള്ളവർക്കറിയാം ’. സൽമ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT