മുനമ്പം മുസിരിസ് ബീച്ച്: ഇരുട്ടിലാക്കിയത് ഡിടിപിസിയോ?

Mail This Article
വൈപ്പിൻ∙ മുനമ്പം മുസിരിസ് ബീച്ചിൽ സന്ദർശകരെ കാത്തിരിക്കുന്നത് കൂരിരുട്ടും തെരുവു നായ്ക്കളും. വെളിച്ചക്കുറവ് മുതലെടുത്ത് എത്തുന്ന സാമൂഹിക വിരുദ്ധരും മദ്യപരും കൂടി ചേരുമ്പോൾ ഏറെ വിനോദ സഞ്ചാര പ്രാധാന്യമുള്ള ബീച്ചിൽ സന്ധ്യ മയങ്ങുന്നതോടെ ആളൊഴിയുന്നു. ബീച്ചിലെ ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിന് നടപടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇടക്കാലത്ത് സ്ഥാപിച്ചവയ്ക്ക് അൽപകാലം മാത്രമായിരുന്നു ആയുസ്സ്. നേരത്തെ മുതൽ ബീച്ചിൽ മോഷ്‌ടാക്കൾക്കും സാമൂഹിക വിരുദ്ധർക്കും അനുയോജ്യമായ സാഹചര്യമാണ്. മാലപൊട്ടിക്കൽ അടക്കമുള്ള സംഭവങ്ങൾ ഇവിടെ അരങ്ങേറിയിട്ടുമുണ്ട്. ഇപ്പോഴും അതിന് മാറ്റമില്ല.
തുടക്കത്തിൽ 80ലേറെ ലൈറ്റുകൾ ഉണ്ടായിരുന്ന ബീച്ചിൽ ഇപ്പോൾ പ്രകാശിക്കുന്നത് ഏതാനും എണ്ണം മാത്രം. കടലിലേക്ക് നീട്ടി നിർമിച്ചിട്ടുള്ള നടപ്പാതയുടെ ഭൂരിഭാഗം സ്ഥലവും സന്ധ്യയോടെ ഇരുട്ടിലാവും. വൈപ്പിനിലെ ബീച്ചുകളിൽ ഏറ്റവും മനോഹരമായ അസ്‌തമയദൃശ്യം ലഭിക്കുന്ന ഇവിടെ അത് ആസ്വദിക്കാൻ നിൽക്കാതെ വിദേശികൾ അടക്കമുള്ള സന്ദർശകർ സന്ധ്യയ്‌ക്കു മുൻപേ സ്ഥലം വിടുന്ന സ്‌ഥിതിയാണ്. ബീച്ചിന്റെ ചുമതലയുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതരാകട്ടെ പണ്ടു മുതലേ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല.
അടിസ്‌ഥാനസൗകര്യങ്ങൾ തീരെയില്ലാത്ത ബീച്ചും പരിസരവും സന്ധ്യയോടെ വിജനമാവുന്നത് നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നു. ഇതിനു പുറമേയാണ് നായ്ക്കളുടെ ശല്യം. ചെറായി അടക്കം ബീച്ചുകളിലെല്ലാം നായ്ക്കളുടെ സാന്നിധ്യമുണ്ടെങ്കിലും വിശാലമായ മുനമ്പം മുസിരിസ് ബീച്ചിൽ അവയുടെ എണ്ണം വളരെ കൂടുതലാണ്. ഭക്ഷണം തേടി എത്തുന്ന നായ്ക്കളിൽ ഏറെയും നടപ്പാതയിലാണ് തമ്പടിക്കുന്നത്. വെളിച്ചം ഇല്ലാത്തതിനാൽ പാതയിൽ കിടന്ന് ഉറങ്ങുന്ന നായ്ക്കളെ സന്ദർശകർ അറിയാതെ ചവിട്ടുന്ന സംഭവങ്ങളും പതിവാണ്.
പലപ്പോഴും തലനാരിഴയ്ക്കാണ് ഇവർ കടിയേൽക്കാതെ രക്ഷപ്പെടാറുള്ളത്. മുനമ്പം അഴിമുഖത്ത് പുലിമുട്ടുകൾ നിർമിച്ചതിനെ തുടർന്ന് വർഷങ്ങൾ കൊണ്ട് മണൽ അടിഞ്ഞാണ് വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റത്തായി ഈ കടൽത്തീരം രൂപം കൊണ്ടത്. പിന്നീട് ഹാർബർ എൻജിനീയറിങ് വകുപ്പാണ് സൂനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് ബീച്ച് മോടി പിടിപ്പിച്ചത്. കടലിലേക്ക് നീളത്തിൽ ഇറങ്ങി നിൽക്കുന്ന ബീച്ചിന്റെ ഭാഗം ടൈൽ പതിച്ച് മനോഹരമാക്കിയതിനു പുറമേ ചെറിയ കോട്ടേജുകളും നിർമിച്ചിട്ടുണ്ട്.
ജീവനക്കാരുടെ അഭാവം മൂലം ബീച്ചിലും പരിസരത്തും ശുചീകരണം കാര്യക്ഷമമല്ല. മാലിന്യ ഭീഷണിയും ഉണ്ട്. സൗകര്യങ്ങളില്ലാതിരുന്നിട്ടും അവധി ദിനങ്ങളിലും മറ്റും സന്ദർശകരുടെ കാര്യമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. മണൽപ്പരപ്പിൽ പ്ലാസ്‌റ്റിക് കുപ്പികളും കപ്പുകളും ചീഞ്ഞപായലും കുന്നു കൂടിക്കിടക്കുകയാണ്. ഭക്ഷണാവശിഷ്‌ടങ്ങളും വലിച്ചെറിയുന്നതിനാൽ തെരുവുനായ്‌ക്കളുടെ ശല്യം ദിനംപ്രതി വർധിച്ചു വരികയും ചെയ്യുന്നു.