നിലവിലുള്ള ട്രാക്കുകളിലെ വേഗം കൂട്ടൽ; ഡിപിആർ ഡിസംബറിൽ സമർപ്പിക്കും

Mail This Article
കൊച്ചി∙ രണ്ടാം വന്ദേഭാരത് കേരളത്തിൽ ഓടിത്തുടങ്ങിയതോടെ നിലവിലുള്ള ട്രാക്കുകളിൽ വേഗം കൂട്ടാനുള്ള നടപടി ത്വരിതപ്പെടുത്തി റെയിൽവേ. നിലവിൽ പലയിടത്തും ട്രാക്കുകളിൽ വലിയ വളവ് (കർവ്) ഉള്ളതാണു വന്ദേഭാരത് പോലുള്ള അതിവേഗ ട്രെയിനുകൾ കേരളത്തിൽ നേരിടുന്ന പ്രതിസന്ധി. ഈ ട്രാക്കുകളിലെ പരമാവധി വേഗം ഇപ്പോൾ മണിക്കൂറിൽ 110 കിലോമീറ്ററാണ്. വന്ദേഭാരത് ട്രെയിനുകൾക്കു 160 കിലോമീറ്റർ വേഗമെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ട്രാക്കുകളാണാവശ്യം.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി തിരുവനന്തപുരം സെൻട്രൽ മുതൽ മംഗളൂരു വരെ 750 കിലോമീറ്റർ ദൂരത്തിലെ ട്രാക്കുകളിൽ വേഗം വർധിപ്പിക്കാനുള്ള സാധ്യത പഠിക്കാൻ ഹൈദരാബാദിലെ ആർവി അസോസിയേറ്റ്സിനെയാണു ചുമതലപ്പെടുത്തിയത്. തിരുവനന്തപുരം ഡിവിഷനിൽ സർവേ നടപടികൾക്ക് 5.1 കോടി രൂപയും പാലക്കാട് ഡിവിഷനിൽ 3.5 കോടി രൂപയുമാണു ചെലവ്. സിൽവർലൈൻ പദ്ധതിയുമായി കെ റെയിൽ രംഗത്തിറങ്ങിയ ഘട്ടത്തിൽ തന്നെ കേരളത്തിലെ നിലവിലുള്ള ട്രാക്കുകൾ വേഗം കൂട്ടാനുള്ള സാധ്യതകൾ ആരായാൻ റെയിൽവേ നടപടി ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് അടിയന്തര ഇടപെടൽ തേടി റെയിൽവേ ബോർഡിനു ദക്ഷിണ റെയിൽവേ അപേക്ഷയും നൽകിയിരുന്നു.
തുടർന്നു വിശദമായ പദ്ധതി രേഖ (ഡീറ്റെയ്ൽഡ് സർവേ റിപ്പോർട്ട്– ഡിപിആർ) സമർപ്പിക്കാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണു സർവേയ്ക്കായി ആർവി അസോസിയേറ്റ്സിനെ ചുമതലപ്പെടുത്തിയത്. സർവേ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലിഡാർ സർവേ കഴിഞ്ഞ ഓഗസ്റ്റിൽ പൂർത്തിയായി. ലിഡാർ സർവേ റിപ്പോർട്ട് സംബന്ധിച്ചു റെയിൽവേ അധികൃതരും സർവേ ഏജൻസിയും തമ്മിൽ വിശദമായ ചർച്ചയും പഠനവുമാണിപ്പോൾ നടക്കുന്നത്.