കെഎസ്ഇബിക്ക് ജീപ്പില്ല; തോട്ടിയുമായി സ്കൂട്ടറിൽ
Mail This Article
ഉദയംപേരൂർ ∙ ഓടിക്കാൻ കഴിയാതെ കെഎസ്ഇബിയുടെ ജീപ്പ്. സ്കൂട്ടറിൽ തോട്ടിയുമായി സഞ്ചരിച്ച് ഉദ്യോഗസ്ഥർ. ഉദയംപേരൂർ കെഎസ്ഇബി ഓഫിസിലെ ജീപ്പാണ് കാലാവധി കഴിഞ്ഞ കാരണം 2 മാസമായി ഓടിക്കാൻ കഴിയാത്തത്. പഴയ കെസിഎഫ് സീരീസിലെ ജീപ്പാണിത്. എന്നാൽ കാലാവധി കഴിഞ്ഞെന്നും ഇനി ഉപയോഗിക്കേണ്ട എന്നുമാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പ്. പുതിയ ജീപ്പ് വേണമെന്ന് ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും ഉന്നത തലങ്ങളിൽ നിന്നു പ്രതികരണമില്ല.
വലിയ തോട്ടികളും മറ്റു സാധനങ്ങളും കൊണ്ടു പോകാൻ ജീപ്പ് മാത്രമായിരുന്നു ആശ്രയം. ജീപ്പ് ഉപയോഗിക്കാൻ കഴിയാത്തതു കാരണം പലപ്പോഴും ജീവൻ പണയം വച്ചാണ് തോട്ടിയും മറ്റുമായി ഉദ്യോഗസ്ഥർ സ്കൂട്ടറിലും മറ്റും സഞ്ചരിക്കുന്നത്. പെരുമ്പളം ദ്വീപിലേക്കു പോകുന്ന വൈദ്യുതി കമ്പികളിൽ എന്തെങ്കിലും വീണ് വൈദ്യുതി തടസ്സം നേരിട്ടാൽ തോട്ടിയും മറ്റും ഉപയോഗിച്ചാണ് തടസ്സം നീക്കി വൈദ്യുതി പുനഃസ്ഥാപിക്കുന്നത്.
ഉദയംപേരൂരിൽ നിന്നു പൂത്തോട്ട വരെ തോട്ടിയും മറ്റു ഉപകരണങ്ങളും സ്കൂട്ടറിൽ കൊണ്ടു പോകേണ്ടത് ഉള്ളതിനാൽ കൂടുതൽ സമയം എടുത്താണ് വൈദ്യുതി ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. വാഹനം വാടകയ്ക്കു എടുക്കാമെന്നു വച്ചാലും കെഎസ്ഇബിയിൽ നിന്നു ലഭിക്കുന്ന തുക കൊണ്ട് വാഹനത്തിന്റെ വാടക നൽകാൻ തികയില്ല എന്നാണ് ആക്ഷേപം. പുതിയ ജീപ്പ് കെഎസ്ഇബി ഓഫിസിന് അനുവദിക്കണം എന്നാണാവശ്യം. അല്ലെങ്കിൽ വാടകയ്ക്ക് എടുക്കുന്ന ജീപ്പിനു നൽകാനുള്ള തുക കൂട്ടി നൽകിയാലും മതി.