ജോലിക്കിടെ സ്ലാബിനുള്ളിൽ തൊഴിലാളിയുടെ കാൽ കുടുങ്ങി

Mail This Article
പെരുമ്പാവൂർ ∙ തൊഴിലുറപ്പു തൊഴിലിന് ഇടയിൽ സ്ലാബിനുള്ളിൽ തൊഴിലാളിയുടെ കാൽ കുടുങ്ങി. അരമണിക്കൂറിലധികം കുടുങ്ങിക്കിടന്ന തൊഴിലാളിയെ ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കാഞ്ഞിരക്കാട് ഓൾഡ് വല്ലം റോഡിൽ രാവിലെ 11.45നാണ് സംഭവം. അയ്യങ്കാളി തൊഴിലുറുപ്പു പദ്ധതി തൊഴിലാളി കാഞ്ഞിരക്കാട് പുത്തൻപുരയ്ക്കൽ ലൈലാ നാസറാണ് (56)അപകടത്തിൽപ്പെട്ടത്.
തൊഴിലാളികൾ ഈ ഭാഗത്തെ കാന ശുചീകരണം നടത്തുകയായിരുന്നു. റോഡിന് കുറുകെ സ്ഥാപിച്ച സ്ലാബുകൾക്കിടയിലെ വിടവിലാണു കാൽ കുടുങ്ങിയത്. കാലിൽ സുരക്ഷാ ഷൂസ് ധരിച്ചിരുന്നതിനാൽ പെട്ടെന്ന് കാൽ ഊരിയെടുക്കാൻ കഴിഞ്ഞില്ല. സഹ തൊഴിലാളികളും വാർഡ് അംഗവും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല.
തുടർന്ന് സ്റ്റേഷൻ ഓഫിസർ ടി.കെ.സുരേഷിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചു സ്ലാബ് പൊട്ടിച്ചാണു കാൽ പുറത്തെടുത്തത്. നേരിയ പരുക്കേറ്റ ലൈലയ്ക്കു ചികിത്സ നൽകി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.സി.ബേബി, ഫയർ ഓഫിസർമാരായ ബെന്നി മാത്യു, എ.പി.സിജാസ്, അജേഷ്, ഗോകുൽ കൃഷ്ണ, ഉജേഷ് സുഭാഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.