മൂത്തകുന്നം– മാല്യങ്കര റോഡിൽ ബസുകളുടെ മത്സരയോട്ടം

Mail This Article
വടക്കേക്കര ∙ വീതികുറഞ്ഞ, കൊടുംവളവുകൾ നിറഞ്ഞ മൂത്തകുന്നം- മാല്യങ്കര റോഡിൽ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം. ഏതാനും ദിവസം മുൻപു മാല്യങ്കര എസ്എൻഎം കോളജിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനി ദേഹത്തു സ്വകാര്യ ബസ് കയറിയിറങ്ങി മരിച്ചിട്ടും മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
അലക്ഷ്യമായ ഡ്രൈവിങ്ങും അമിത വേഗവുമാണ് അപകടത്തിനു കാരണം. വിദ്യാർഥികളെ കയറ്റാതിരിക്കാൻ കോളജിനു മുന്നിലെത്തുമ്പോൾ ഡ്രൈവർമാർ അമിതവേഗത്തിൽ ബസ് ഓടിച്ചുപോകുന്നതു പതിവാണ്.പലതവണ വിദ്യാർഥികൾ ബസ് തടയുകയും പൊലീസ് എത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
സമയക്രമം പാലിക്കണമെന്ന കാരണം പറഞ്ഞാണ് അപകടകരമായ മത്സരയോട്ടം. മതിയായ പ്രായവും പക്വതയും ഇല്ലാത്തവരാണു പല സ്വകാര്യ ബസുകളുടെയും ഡ്രൈവർമാർ. 22 വയസ്സു മാത്രം പ്രായമുള്ള യുവാവാണു വിദ്യാർഥിനി മരിക്കാൻ ഇടയാക്കിയ സ്വകാര്യ ബസ് ഓടിച്ചിരുന്നത്. ജനങ്ങൾക്കു ഭീഷണിയാകുന്ന ബസുകൾക്കു തടയിടാൻ പൊലീസിനും മോട്ടർ വാഹന വകുപ്പിനും കഴിയാത്തതു പ്രതിഷേധത്തിന് ഇടയാക്കുന്നു.
മൂത്തകുന്നം - മാല്യങ്കര റൂട്ടിൽ ഓടുന്ന ബസുകളുടെ ടൈം ഷെഡ്യൂൾ അശാസ്ത്രീയമാണെന്നു കോൺഗ്രസ് വടക്കേക്കര മണ്ഡലം ജനറൽ സെക്രട്ടറി ഡി. ദിനേഷ് കുമാർ പറഞ്ഞു. വൈകിട്ട് 4 മുതൽ 5 വരെ കൊടുങ്ങല്ലൂരിൽ നിന്ന് ഇടതടവില്ലാതെ ബസുകൾ വരും. 5 മണി കഴിഞ്ഞാൽ പിന്നെ മണിക്കൂറുകൾ കഴിയണം ബസ് കിട്ടാൻ. പറവൂരിൽ നിന്നു ബസുകൾ കുറവാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിലുണ്ടായിരുന്ന സ്പീഡ് ബ്രേക്കർ പുതുതായി ടാർ ചെയ്തപ്പോൾ നീക്കി. തിരക്കേറിയ റോഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതിലിനോടു ചേർന്ന് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും ഗതാഗതത്തിനു തടസ്സമാണെന്നു ദിനേഷ് കുമാർ ചൂണ്ടിക്കാട്ടി.
പാലിയേക്കര ടോൾ ഒഴിവാക്കാൻ ഒട്ടേറെ കണ്ടെയ്നർ, ടോറസ് ലോറികൾ വീതികുറഞ്ഞ ഈ റോഡിലൂടെ പോകുന്നുണ്ട്. ആളുകൾക്കു പരുക്കേറ്റും വ്യക്തികളുടെ മതിലുകൾ ഇടിച്ചു തകർത്തും ഒട്ടേറെ അപകടങ്ങൾ നടന്നു. മൂത്തകുന്നം– മാല്യങ്കര റോഡിലൂടെ ഇത്തരം ലോറികൾ പോകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ജനപ്രതിനിധികളും നാട്ടുകാരും പലതവണ ബന്ധപ്പെട്ട അധികൃതർക്കു നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.