ADVERTISEMENT

തൃപ്പൂണിത്തുറ ∙ വിവരാവകാശ പ്രവർത്തകൻ കടവന്ത്ര കടവിൽ ചെഷയർ ടാർസനു (54) ക്രൂരമർദനം. 4 പേരുടെ ആക്രമണത്തിൽ വലത് കയ്യും ഇടതു കാലും ഒടിഞ്ഞ ചെഷയറെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദനമേറ്റു. വൈകിട്ട് നാലോടെ എരൂർ കണിയാമ്പുഴ റോഡിലായിരുന്നു ആക്രമണം. 

കുറച്ചു നാളായി കണിയാമ്പുഴയിലെ ബന്ധു വീട്ടിലായിരുന്നു ചെഷയർ താമസം. ഉച്ചയ്ക്കു വീട്ടിലേക്കു വന്നപ്പോൾ 2 യുവാക്കൾ കണിയാമ്പുഴ റോഡിൽ നിൽക്കുന്നുണ്ടായിരുന്നു. വൈകിട്ട് എറണാകുളത്തേക്കു പോകാൻ ബൈക്ക് എടുത്തപ്പോഴും നേരത്തെ കണ്ട യുവാക്കളടക്കം 4 പേർ സ്കൂട്ടറിലും ബൈക്കിലുമായി പിന്നാലെയെത്തി. ഫോൺ വന്നപ്പോൾ ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവരുടെ ആക്രമണം ഉണ്ടായതെന്ന് ചെഷയർ പറഞ്ഞു. 

കമ്പിവടി കൊണ്ട് മുഖത്ത് അടിക്കുകയായിരുന്നു. തടുത്തെങ്കിലും പിറകിൽ നിന്ന് കമ്പിവടിയുടെ അടുത്ത അടിയെത്തി. ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ തലയ്ക്കു പൊട്ടലുണ്ടായില്ല. പിടിവലിക്കിടെ ബൈക്കിനൊപ്പം താഴേക്കു വീണ ചെഷയറുടെ കൈകാലുകൾ അക്രമികൾ തല്ലിയൊടിച്ചു. ഓടി കണിയാമ്പുഴ ജംക്‌ഷനിൽ എത്തിയപ്പോഴാണ് അക്രമികൾ മർദനം നിർത്തി തിരികെ പോയതെന്നു ചെഷയർ പറഞ്ഞു. കാലിനും കൈക്കും ശസ്ത്രക്രിയ വേണ്ടതിനാൽ ഇന്ന് ജനറൽ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റും. 

സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്തു. മുന്നൂറിലേറെ പരാതികളാണ് ഇദ്ദേഹത്തിന്റേതായി വിവിധ വകുപ്പുകളിൽ നിലവിലുള്ളത്. നൂറിലേറെ ഹർജികൾ സംസ്ഥാനത്തെ വിവിധ കോടതികളിലും നൽകിയിട്ടുണ്ട്. ചിലവന്നൂർ കായൽ, ഇടപ്പള്ളി തോട് എന്നിവിടങ്ങളിൽ കയ്യേറ്റം ഒഴിപ്പിച്ച സംഭവത്തിൽ പരാതി നൽകിയതും ചെഷയറായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT