ADVERTISEMENT

പറവൂർ ∙ അർധരാത്രി ദേശീയപാത അധികൃതർ കുഴികളിൽ മണ്ണും മെറ്റൽപ്പൊടിയും ചേർത്ത മിശ്രിതം ഇട്ടതോടെ ടെംപിൾ റോഡ് ചെളിക്കുണ്ടായി. ഒരാഴ്ച മുൻപു പകൽ സമയത്ത് ഇടാൻ ശ്രമിച്ചതു നഗരസഭ‌ാ ഉപാധ്യക്ഷൻ എം.ജെ.രാജുവിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പ്രതിഷേധം കാരണം മടങ്ങിപ്പോയവർ വ്യാഴം അർധരാത്രി എത്തി കുഴികളിൽ മിശ്രിതം ഇടുകയായിരുന്നു. ശക്തമായി മഴ പെയ്യുകയും വാഹനങ്ങൾ പോകുകയും ചെയ്തതോടെ മണ്ണും മെറ്റൽപ്പൊടിയും റോഡാകെ പരന്നു. സമീപത്തെ വ്യാപാരസ്ഥാപനങ്ങളുടെ മുൻവശമെല്ലാം ചെളിമയമായി. റോഡിന്റെ അരികു ചേർന്നു നടക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി. മുൻപും കുഴികളിൽ ദേശീയപാത അധികൃതർ മണ്ണിട്ടതിനു പിന്നാലെ മഴ പെയ്തു റോഡ് ചെളിക്കുണ്ടായതാണ്. വീണ്ടും നാട്ടുകാരെ ദുരിതത്തിലാക്കുന്ന നടപടിയെടുത്ത ദേശീയപാത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്.

ദേശീയപാത 66ൽ മുനിസിപ്പൽ കവലയ്ക്കും കണ്ണൻകുളങ്ങരയ്ക്കും മധ്യേയുള്ള െടംപിൾ റോഡിൽ 300 മീറ്റർ കൂടി ടൈൽ വിരിച്ചാൽ തീർക്കാവുന്ന പ്രശ്നമായിട്ടും ദേശീയപാത അധികൃതർ ചെയ്യുന്നില്ല. തട്ടിക്കൂട്ട് പണികൾ നടത്തി തടിതപ്പാനാണ് അവരുടെ ശ്രമം. നാട്ടുകാരെ ദുരിതത്തിലാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുയരുന്നുണ്ട്. നശിച്ചു കിടക്കുന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ മറിയുന്നതു പതിവാണ്. 

കലക്ടറേറ്റിൽ ഹൈബി ഈഡൻ എംപിയും കലക്ടറും ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറും പങ്കെടുത്തു നടന്ന യോഗത്തിൽ നഗരസഭാധികൃതർ ഇക്കാര്യം ചൂണ്ടിക്കാട്ടി. ദേശീയപാത അധികൃതരുടെ നടപടി ജനദ്രോഹമാണെന്നും സമരം തുടങ്ങുമെന്നും നഗരസഭ ഉപാധ്യക്ഷൻ എം.ജെ.രാജു യോഗത്തെ അറിയിച്ചു. ഇപ്പോൾ നിലനിൽക്കുന്ന മഴ മാറിയാൽ ഉടൻ ബാക്കി ഭാഗം കൂടി ടൈൽ വിരിയ്ക്കാമെന്നു അധികൃതർ ഉറപ്പു നൽകിയെന്ന് എം.ജെ.രാജു പറഞ്ഞു.

സിപിഎം മാർച്ച്‌ നടത്തി

ടെംപിൾ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സിപിഎം പറവൂർ നഗരസഭയിലേക്കു നടത്തിയ മാർച്ച് നഗരസഭ പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ ഉദ്ഘാടനം ചെയ്യുന്നു.
ടെംപിൾ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സിപിഎം പറവൂർ നഗരസഭയിലേക്കു നടത്തിയ മാർച്ച് നഗരസഭ പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ ∙ ടെംപിൾ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സിപിഎം ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിലേക്ക് നടത്തിയ മാർച്ച് നഗരസഭ പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധികൃതരുടെ അറിവോടെ കുണ്ടും കുഴിയും നിറഞ്ഞ സ്ഥലങ്ങളിൽ മെറ്റൽപ്പൊടി ഇട്ടതെന്നു സിപിഎം ആരോപിച്ചു. റോഡിന്റെ ഇരുവശങ്ങളിലുള്ള വ്യാപാരികൾക്കു സ്ഥാപനം തുറക്കാനാകാത്ത സ്ഥിതിയാണ്.

കാൽനടയാത്ര പോലും ദുരിതമായിട്ടും എംഎൽഎയും നഗരസഭയും ദേശീയാപത അധികൃതരും ഇടപെടുന്നില്ലെന്ന് സിപിഎം ആരോപിച്ചു. ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം.പി.ഏയ്ഞ്ചൽസ് അധ്യക്ഷനായി. വെസ്റ്റ് ലോക്കൽ സെക്രട്ടറി സി.പി.ജയൻ, നഗരസഭ കൗൺസിലർമാരായ ജ്യോതി ദിനേശൻ, ജയ ദേവാനന്ദൻ, എം.കെ.ബാനർജി, ഷൈനി രാധാകൃഷ്ണൻ, നിമിഷ ജിനേഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.കെ.സുരേന്ദ്രൻ, എൻ.എസ്.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

എന്നാൽ, എൻഎച്ച്എഐയുടെ കീഴിലുള്ള ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള റോഡിന്റെ പരിപാലനത്തിനു നേതൃത്വം നൽകേണ്ടതു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവുമാണെന്നും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വീഴ്ച മറയ്ക്കാനാണു സിപിഎം ശ്രമിക്കുന്നതെന്നും നഗരസഭാധ്യക്ഷ ബീന ശശിധരൻ പറഞ്ഞു.

English Summary: Residents Demand Action as Metal Powder Mix Causes Chaos on Paravoor's Temple Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT