മഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മതിൽ തകർന്നു
Mail This Article
മൂവാറ്റുപുഴ∙ ശക്തമായ മഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മതിൽ തകർന്നു റോഡിലേക്കു മറിഞ്ഞു. മതിലിന്റെ അരികിലെ ഉന്തുവണ്ടിയിൽ ലോട്ടറി വിൽപന നടത്തിയിരുന്ന ലോട്ടറി തൊഴിലാളിക്ക് പരുക്കേറ്റു. നെഹ്റു പാർക്കിനു സമീപമുള്ള ടൗൺ സ്കൂളിന്റെ മതിലാണു ഇന്നലെ 1 മണിയോടെ ഇടിഞ്ഞു വീണത്.
മതിലിനു സമീപം ഫുട്പാത്തിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പായിപ്ര സ്വദേശി ടി.എസ്. സുബ്രഹ്മണ്യന്റെ ഉന്തുവണ്ടിയിൽ മതിലിന്റെ അവശിഷ്ടങ്ങൾ വീണു തകർന്നു. ശബ്ദം കേട്ട് സുബ്രഹ്മണ്യൻ അതിവേഗം ഓടി പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.സുബ്രഹ്മണ്യന്റെ തലയ്ക്കും കാലിനും പരുക്കുണ്ട്. റോഡിലേക്ക് തെറിച്ചു വീണ മതിലിന്റെ അവശിഷ്ടങ്ങളും മറ്റും അഗ്നിരക്ഷാ സേന എത്തിയാണു നീക്കം ചെയ്തത്.
സ്കൂൾ കോംപൗണ്ടിൽ സ്ഥിതി ചെയ്യുന്ന ബിആർസി കെട്ടിടത്തോടു ചേർന്നുള്ള മതിലാണ് തകർന്നത്. സ്കൂളിന്റെ മതിൽ അപകടാവസ്ഥയിലാണെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ നടപടി എടുത്തിരുന്നില്ല. ഇതിനിടയിലാണു മതിൽ ഇടിഞ്ഞു വീണത്. സ്കൂളിൽ അവശേഷിക്കുന്ന മതിലും അപകടാവസ്ഥയിലാണ്.