ADVERTISEMENT

കാക്കനാട്∙ സംസ്ഥാനത്തെ വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) നാലു മുതൽ രാജ്യാന്തര നിലവാരത്തിേലക്ക്. ഇവയുടെ അച്ചടി പൂർണമായും കൊച്ചിയിലാണ്. ആർടിഒ, സബ് ആർടിഒ ഉൾപ്പെടെ കേരളത്തിലെ 86 ഓഫിസുകളിലും റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ആർസി അച്ചടിക്കാനുള്ള സംവിധാനം എറണാകുളം തേവരയിലെ ഡ്രൈവിങ് ലൈസൻസ്–റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ് സ്റ്റേഷനിൽ സജ്ജമായി.  വാഹന ആർസിയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി കഴിഞ്ഞ 29 മുതൽ ഫീസ് അടച്ച് അപേക്ഷിച്ചിട്ടുള്ളവർക്ക് പുതിയ രൂപത്തിലുള്ള ആർസി കാർഡാകും ലഭിക്കുക.

പ്രതിദിനം 15,000 മുതൽ 20,000വരെ ആർസി ഇവിടെ തയാറാക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് നിലവിൽ നിത്യേനെ 13,000–15,000 റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളാണ് നൽകി വരുന്നത്. പുതിയ മാതൃകയിലെ കാർഡ് വരുന്നതോടെ ആവശ്യക്കാർ കൂടാനുള്ള സാധ്യത മുൻനിർത്തിയാണ് കൂടുതൽ അച്ചടി ശേഷി ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ഡ്രൈവിങ് ലൈസൻസുകളും ഏപ്രിൽ മുതൽ ഇവിടെയാണ് അച്ചടിക്കുന്നത്. 

ടെലി കമ്യൂണിക്കേഷൻ ഉപകരണങ്ങൾ നിർമിക്കുന്ന പാലക്കാട് ഐടിഐ കമ്പനിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് കൊച്ചിയിലെ പുതിയ കേന്ദ്രത്തിൽ ആർസിയും ഡ്രൈവിങ് ലൈസൻസും തയാറാക്കുന്നത്. പുതുതായി റജിസ്റ്റർ െചയ്യുന്ന വാഹനങ്ങൾക്കു പുറമേ നിലവിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം മാറ്റൽ, വിലാസം മാറ്റൽ, റജിസ്ട്രേഷൻ പുതുക്കൽ, വായ്പ രേഖപ്പെടുത്തിയിരിക്കുന്നത് നീക്കൽ തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷിച്ചാലും പുതിയ രൂപത്തിലുള്ള ആർസിയാകും ലഭിക്കുക.

നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ പുതിയ മാതൃകയിലുള്ള ആർസിയുടെ ഫീസ് 200 രൂപ അടയ്ക്കേണ്ടി വരും. എറണാകുളം ആർടിഒ ജി.അനന്തകൃഷ്ണനാണ് അച്ചടി കേന്ദ്രത്തിന്റെ ചുമതല. പാലക്കാട് ഐടിഐയിലെ വിദഗ്ധർക്കു പുറമേ മോട്ടർ വാഹന വകുപ്പിലെ 3 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 15 മിനിസ്റ്റീരിയൽ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. 

കൃത്യമായി കൈപ്പറ്റണം; അല്ലെങ്കിൽ കൊച്ചിയിലെത്തി വാങ്ങേണ്ടി വരും
സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളുടെയും ആർസി അടുത്ത നാലു മുതൽ എറണാകുളത്തു നിന്നാണ് തപാലിൽ അയക്കുന്നതെന്നതിനാൽ വിലാസക്കാർ ഇവ കൃത്യമായി കൈപ്പറ്റണമെന്ന മുന്നറിയിപ്പുണ്ട്. വിലാസക്കാരനെ കണ്ടെത്താനാകാതെ ആർസിയും ഡ്രൈവിങ് ലൈസൻസും തപാൽ വകുപ്പ് മടക്കി അയച്ചാൽ കേരളത്തിലെവിടെയുള്ള അപേക്ഷകനാണെങ്കിലും എറണാകുളം തേവരയിലെ പ്രിന്റിങ് സ്റ്റേഷനിൽ നേരിട്ടെത്തി കൈപ്പറ്റേണ്ടി വരും. കൃത്യമായ വിലാസം നൽകാൻ അപേക്ഷിക്കുമ്പോൾ തന്നെ ജാഗ്രത പുലർത്തണമെന്ന് ചുരുക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT