സർവത്ര ആശയക്കുഴപ്പം; എത്രയാണു കെട്ടിട നികുതിയെന്നു കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥർക്കു പോലും അറിയാത്ത സ്ഥിതി

Mail This Article
കൊച്ചി ∙ കോർപറേഷനിലെ കെട്ടിട നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ടു സർവത്ര ആശയക്കുഴപ്പമെന്ന് ആക്ഷേപം. 2013– 14 മുതലുള്ള നികുതി കുടിശിക പോലും ആവശ്യപ്പെടുന്നുവെന്നാണു പരാതി. ഓൺലൈനായി നികുതി അടയ്ക്കുമ്പോൾ പിഴ പലിശ ഇനത്തിൽ മാത്രം പലർക്കും ആയിരക്കണക്കിനു രൂപയാണു ഡിമാൻഡായി കാണിക്കുന്നത്. ഇതിനു പുറമേ 10% സെസ് കൂടി ഈടാക്കുന്നതിനാൽ ഫലത്തിൽ വൻതുക കെട്ടിട നികുതിയായി അടയ്ക്കേണ്ട സ്ഥിതിയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു. പലരിൽ നിന്നും വൻതുക നികുതി കുടിശികയായി കോർപറേഷൻ ആവശ്യപ്പെടുന്നുണ്ടെന്നും എത്രയാണു നികുതിയെന്നു കോർപറേഷൻ ഉദ്യോഗസ്ഥർക്കു പോലും അറിയാത്ത സ്ഥിതിയാണെന്നും യുഡിഎഫ് കൗൺസിലർ ആന്റണി പൈനുതറ കുറ്റപ്പെടുത്തി.
ഡിമാൻഡ് നോട്ടിസ് കൊടുക്കാതെ വൻ തുകയാണു കുടിശികയായി ഓൺലൈനായി കാണിക്കുന്നതെന്നു കൗൺസിലർ പറയുന്നു.2013 മുതൽ മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാൻ 2016ൽ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നെങ്കിലും കോർപറേഷൻ നടപ്പാക്കിയിരുന്നില്ല. 2016 മുതൽ മുൻകാല പ്രാബല്യത്തോടെ വർധന നടപ്പാക്കാൻ 2019ൽ തീരുമാനിച്ചെങ്കിലും അപ്പോഴും കോർപറേഷൻ നികുതി ആവശ്യപ്പെട്ടുള്ള ഡിമാൻഡ് നോട്ടിസുകൾ നൽകിയില്ല. എന്നാൽ ഇപ്പോൾ 2013–14 മുതലുള്ള നികുതി കുടിശിക ആവശ്യപ്പെടുന്നുവെന്നാണു പരാതി.
മുനിസിപ്പാലിറ്റി നിയമ പ്രകാരം 3 വർഷം മുൻപു വരെയുള്ള കെട്ടിട നികുതി കുടിശിക മാത്രമേ ഈടാക്കാൻ വ്യവസ്ഥയുള്ളൂ. അധിക നികുതി കുടിശിക ഈടാക്കുന്നതിനെതിരെ ചില കെട്ടിട ഉടമകൾ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്യുന്നുണ്ട്. കുടിശിക ഈടാക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കോർപറേഷൻ തലത്തിൽ തന്നെ സംവിധാനം വേണമെന്നും കൗൺസിലർമാർ ആവശ്യപ്പെടുന്നു.
ഡിമാൻഡ് നോട്ടിസുകൾ പൂർണമായും നൽകാൻ കഴിയാത്തതു കോർപറേഷൻ ജീവനക്കാരുടെ വീഴ്ചയാണെന്നും ഇതു മൂലം കോർപറേഷനു വലിയ തുക നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും മേയർ എം. അനിൽകുമാർ കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ഡിമാൻഡ് നോട്ടിസുകൾ നൽകുന്നതിൽ കോർപറേഷൻ വലിയ താൽപര്യമെടുക്കുന്നില്ല. കൃത്യമായി നികുതി പിരിക്കാത്തതു മൂലം കോർപറേഷനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാകുന്നുമുണ്ട്.
English Summary: Confusion and Complaints Surrounding Building Tax Collection in Kochi Corporation