കഥകളി അരങ്ങിൽ ടഗോറിന്റെ ‘ശ്യാമ’
Mail This Article
തൃപ്പൂണിത്തുറ ∙ രവീന്ദ്രനാഥ ടഗോറിന്റെ കൃതിയായ ശ്യാമയുടെ കഥകളി ആവിഷ്കാരവുമായി കഥകളി കേന്ദ്രം. കഥകളി കേന്ദ്രത്തിന്റെ വാർഷിക ആഘോഷങ്ങളുടെ സമാപന ദിനത്തിലാണ് ശ്യാമയുടെ കഥകളി ആവിഷ്കാരം അരങ്ങേറിയത്. പീശപ്പിള്ളി രാജീവൻ, സദനം സുരേഷ്, കലാമണ്ഡലം സി. ഗോപാലകൃഷ്ണൻ, കലാമണ്ഡലം സാജൻ, സദനം സദാനന്ദൻ, കോട്ടയ്ക്കൽ കൃഷ്ണദാസ്, വെള്ളിനേഴി ഹരിദാസ് എന്നിവർ വിവിധ വേഷങ്ങളിൽ അരങ്ങിലെത്തി.
ചൊല്ലിയാട്ടത്തിൽ കലാമണ്ഡലം അനിൽകുമാർ കിർമീര വധത്തിലെ ലളിത വേഷവും കലാമണ്ഡലം വൈശാഖ് നരകാസുര വധത്തിലെ കേകിയും അവതരിപ്പിച്ചു. സമാപന സമ്മേളനം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കഥകളി കേന്ദ്രത്തിന്റെ അവാർഡുകൾ വിതരണം ചെയ്തു. കോട്ടയ്ക്കൽ സന്തോഷ്, തൃപ്പൂണിത്തുറ പി.കെ. സജീവൻ, കലാമണ്ഡലം കേശവദേവ്, എരൂർ ശശി, എരൂർ സുരേന്ദ്രൻ, രാജലക്ഷ്മി രാജൻ എന്നിവർക്കായിരുന്നു അവാർഡ്. ബാലിവധം കഥകളിയും നടന്നു.