ലിബ്നയ്ക്കു പിന്നാലെ അമ്മ സാലിയും വിടവാങ്ങി
Mail This Article
മലയാറ്റൂർ∙ ലിബ്നയ്ക്കു പിന്നാലെ അമ്മ സാലിയും അന്ത്യയാത്രയായി. കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് രണ്ടാഴ്ച ജീവിതത്തിനു വേണ്ടി പോരാടി ഒടുവിൽ മരണത്തിനു കീഴടങ്ങിയ സാലിയുടെ (റീന ജോസ്-45) സംസ്കാരം നടത്തി. ആശുപത്രിയിൽ തീവ്ര പരിചരണത്തിലായിരുന്ന സാലി മകളുടെ മരണം അറിഞ്ഞിരുന്നില്ല. തൊട്ടടുത്ത് മൂത്ത മകൻ പ്രവീൺ (24) അതിഗുരുതര പൊള്ളലോടെ കിടക്കുന്നതും അറിഞ്ഞില്ല. അനുജത്തിയും മാതാവും ജീവിതത്തിൽ നിന്നു മടങ്ങിയത് പ്രവീണും അറിഞ്ഞിട്ടില്ല. സാലിയുടെ മൃതദേഹം മലയാറ്റൂർ സെന്റ് തോമസ് പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനു വച്ചു. മകൻ രാഹുൽ, ഭർത്താവ് പ്രദീപൻ, സാലിയുടെ അമ്മ മേരി എന്നിവരുടെ ദുഃഖം കണ്ടുനിന്നവരുടെ കണ്ണു നനയിച്ചു.
കലക്ടർക്കു വേണ്ടി വില്ലേജ് ഓഫിസർ കെ.സി.ബാബു റീത്ത് വച്ചു. 12 മണിയോടെ മൃതദേഹം സംസ്കാരത്തിനു കൊരട്ടിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലേക്കു കൊണ്ടുപോയി. മൃതദേഹം പൊതു ദർശനത്തിനു വച്ച പാരിഷ് ഹാളിൽ നിന്ന് 100 മീറ്റർ അകലെയാണ് സാലിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന വീട്. ഇവിടെ നിന്നാണ് കഴിഞ്ഞ 29ന് സാലിയും 3 മക്കളും കളമശേരിയിൽ കൺവൻഷനു പോയത്.