ക്വാർട്ടേഴ്സിൽ കാടു കയറി; ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യ ഗോഡൗൺ
Mail This Article
അരൂർ∙ അരൂക്കുറ്റിയിൽ ആരോഗ്യ വകുപ്പ് നിർമിച്ച ക്വാർട്ടേഴ്സ് കാടുകയറി നശിക്കുന്നു.ദൂരെ ദിക്കിൽ നിന്നു വന്ന് ജോലി ചെയ്യുന്ന ഹെൽത്ത് സെന്ററിലെ ജീവനക്കാർക്ക് താമസിക്കാൻ സൗകര്യമില്ലെന്ന പരാതി പരിഹരിക്കാനാണ് അരൂക്കുറ്റി കായലിനോടു ചേർന്ന് 15 വർഷം മുൻപ് ക്വാർട്ടേഴ്സ് സജ്ജമാക്കിയത്. മാത്രമല്ല, ഇതു വഴി ഹെൽത്ത് സെന്ററിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കാനും ലക്ഷ്യമിട്ടിരുന്നു.എന്നാൽ വളരെ കുറച്ചുകാലം മാത്രമേ ആശുപത്രി ജീവനക്കാർ ക്വാർട്ടേഴ്സിൽ താമസിച്ചുള്ളൂ.
പിന്നീട് ആർക്കും വേണ്ടാതെ കാടുകയറി ജന്തുക്കളുടെ താവളമായി ക്വാർട്ടേഴ്സ് മാറി. ഏക്കർ കണക്കിന് ഭൂമിയാണ് അരൂക്കുറ്റിയിൽ ആരോഗ്യ, റവന്യു, ടൂറിസം തുടങ്ങിയ വകുപ്പുകൾക്കുള്ളത്.വസ്തുക്കൾ കാടുകയറിയും കയ്യേറിയും അന്യാധീനപ്പെട്ടു പോകുകയാണ്. ഡോക്ടർമാർക്കുവേണ്ടി നിർമിച്ച ക്വാർട്ടേഴ്സ് പൂർണമായും തകർന്നതോടെ പൊളിച്ചു നീക്കാനും തുടങ്ങി. ജീവനക്കാരുടെ തകർന്ന ക്വാർട്ടേഴ്സിൽ ഹരിത കർമസേന പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ചിരിക്കുകയാണ്.