സ്വകാര്യ ബസിൽ വിദ്യാർഥികളുടെ നിരക്കിളവ് 27 വയസ്സ് വരെയാക്കും
Mail This Article
കൊച്ചി ∙ വിദ്യാർഥികളുടെ ബസ് യാത്രാനിരക്കു കൂട്ടുന്നതു സംബന്ധിച്ച തീരുമാനം രഘുരാമൻ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചതിനു ശേഷമായിരിക്കുമെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. അടുത്തമാസം 31നു മുൻപു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കു യാത്രാ നിരക്കിലെ ഇളവ് 27 വയസ്സു വരെ എന്നു നിജപ്പെടുത്തും.
ഇതു സംബന്ധിച്ച ഉത്തരവ് ഡിസംബർ 31നു മുൻപു പുറത്തിറക്കും. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 21 മുതൽ പ്രഖ്യാപിച്ചിരുന്ന ബസ് സമരം മന്ത്രിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ മാറ്റിവച്ചതായി ബസ് ഉടമ സംഘടനകൾ അറിയിച്ചു. നവംബർ ഒന്നു മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ടെസ്റ്റിന് വരുന്ന ബസുകളിൽ സീറ്റ് ബെൽറ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണം എന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.
ബസിൽ ഡ്രൈവർക്കു സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതു കേന്ദ്രസർക്കാർ നിയമപ്രകാരമാണ്. ക്യാമറ ഘടിപ്പിക്കുന്നതിനുള്ള ചെലവ് ഇനത്തിൽ 5000 രൂപ വരെ സബ്സിഡിയായി നൽകുമെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത്, അസിസ്റ്റൻറ് സെക്രട്ടറി അജിത് കുമാർ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.