ADVERTISEMENT

മൂവാറ്റുപുഴ∙ നഗരസഭയുടെ വരവു ചെലവു കണക്കുകളിലും പദ്ധതി നിർവഹണത്തിലും ഉൾപ്പെടെ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്. റിപ്പോർട്ട് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കൗൺസിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്നു മാറ്റിവച്ചു. ഓഡിറ്റ് റിപ്പോർട്ട് പഠിച്ച ശേഷം ചർച്ച നടത്തിയാൽ മതിയെന്നു പ്രതിപക്ഷം ബഹളംവച്ചതോടെ ചർച്ച മാറ്റുകയായിരുന്നു. 2021- 2022 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണു ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാണിക്കുന്നത്. 

റിപ്പോർട്ടിൽ പറയുന്നത്: കഴിഞ്ഞ 2020– 2021 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ വീഴ്ചകൾ 2021– 2022 വർഷത്തിലും തുടരുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയിൽ കൃത്യമായി നികുതിയും വാടക കുടിശികയും പിരിച്ചെടുക്കാനായില്ല. പ്രധാന നികുതി വരുമാനമായ കെട്ടിട നികുതി ഒരു കോടിയോളം രൂപയാണ് പിരിച്ചെടുക്കാനുള്ളത്. 35.12 ലക്ഷത്തിന്റെ വാടകയും പിരിച്ചെടുത്തിട്ടില്ല.

വാടക, ലേലം ഡിപ്പോസിറ്റ് തുക എന്നിവയായി പിരിച്ചെടുത്ത 4.26 കോടി രൂപ നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ ഉൾപ്പെട്ടിട്ടില്ല. 2010 നു മുൻപ് റീഫണ്ട് ചെയ്ത വിവരങ്ങളും മുൻപുള്ള കാലഘട്ടങ്ങളിലെ ഓപ്പണിങ് ബാലൻസ് ഇനത്തിലുള്ള ഡിപ്പോസിറ്റ് തുകയും ലഭ്യമല്ലെന്നാണു ഇക്കാര്യത്തിലുള്ള ഓഡിറ്റ് എൻക്വയറിക്കു നഗരസഭ നൽകിയ മറുപടി. എന്നാൽ ഹാജരാക്കിയ റെന്റ് ഡിപ്പോസിറ്റ് റജിസ്റ്ററിൽ നിലവിലെ ബാലൻസ് തുക വ്യക്തമാക്കിയിട്ടില്ല.

സെക്രട്ടറിക്ക് ശമ്പളം നൽകുന്നത് മുനിസിപ്പാലിറ്റി ആക്ടിലെ നിർദേശം പാലിച്ചല്ല. നഗരസഭ സെക്രട്ടറിമാർ സർക്കാർ ട്രഷറിയിൽ നിന്നു കൈപ്പറ്റുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നഗരസഭയുടെ തനതു ഫണ്ടിൽ നിന്നു തിരികെ അടയ്ക്കണം എന്ന നിർദേശമാണു നഗരസഭ പാലിക്കാത്തത്. 2021– 2022 വർഷത്തിൽ സെക്രട്ടറി 7,68,890 രൂപയാണു കൈപ്പറ്റിയത്. തോട് നവീകരണ പദ്ധതിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പദ്ധതിക്കായി ചെലവഴിച്ച 4.88 ലക്ഷം രൂപയുടെ ചെലവ് സംസ്ഥാന ഓഡിറ്റ് വകുപ്പ് തടസ്സപ്പെടുത്തിയതായി റിപ്പോർട്ടിലൂടെ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT