നിരീക്ഷണ ക്യാമറകൾ വേണോ? കൗൺസിലർമാർ രണ്ടു തട്ടിൽ

Mail This Article
കളമശേരി ∙ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിടികൂടുന്നതിനു നഗരസഭയിൽ എല്ലാ വാർഡുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നു പൊലീസ്. ഇതിനായി സ്ഥലവും പോസ്റ്റുകളും കൗൺസിലർമാരും പൊലീസും സംയുക്തമായി പരിശോധന നടത്തി തീരുമാനിച്ചെങ്കിലും പദ്ധതിക്കു പണം വകയിരുത്തുന്നതിനായി കൗൺസിലിന്റെ പരിഗണനയ്ക്കു വന്നപ്പോൾ ആശയക്കുഴപ്പം. പദ്ധതി വേണമെന്നു ഒരു വിഭാഗം. തങ്ങളുടെ വാർഡിൽ ക്യാമറകൾ വേണ്ടെന്നു വിദ്യാഭ്യാസ സ്ഥിര സമിതി ചെയർമാൻ കെ.എച്ച്.സുബൈറും ബിജെപി കൗൺസിലർ പ്രമോദ് തൃക്കാക്കരയും വ്യക്തമാക്കി.
ക്യാമറകൾ സ്ഥാപിച്ചാൽ പോരാ, അവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കണമെന്നു മറ്റുചില കൗൺസിലർമാർ. 42 വാർഡുകളിലും ക്യാമറകൾ സ്ഥാപിക്കുന്നതിനു 84 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നഗരസഭയുടെ തനതുഫണ്ടും സ്പോൺസർഷിപ്പിലൂടെയും ഈ തുക കണ്ടെത്തണമെന്നാണു ശുപാർശ. വാർഡുകളിൽ ജോലികൾ വേണ്ടുവോളമുണ്ടെന്നിരിക്കെ ക്യാമറകൾ വാങ്ങുന്നതിനു തനതുഫണ്ടിൽ നിന്നു ഭീമമായ തുക നീക്കിവയ്ക്കുന്നതിലെ ബുദ്ധിമുട്ടും കൗൺസിലർമാർ പങ്കിട്ടു.
ക്യാമറകൾ സ്ഥാപിച്ച മുൻകാല അനുഭവങ്ങൾ ലക്ഷ്യത്തിലെത്താതെ പോയതും കൗൺസിലർമാരിൽ പദ്ധതിയോടുള്ള താൽപര്യം കുറയ്ക്കുന്നതിനു കാരണമാകുന്നു. 6 വർഷം മുൻപ് 12 ലക്ഷത്തോളം രൂപ ചെലവിട്ടു 10 ക്യാമറകൾ വാങ്ങി. ഏറെനാളുകൾ നഗരസഭാ ഓഫിസിൽ സൂക്ഷിച്ചു. പിന്നീട് പലയിടത്തായി സ്ഥാപിച്ചു. ഒന്നും പ്രവർത്തിപ്പിച്ചില്ല. ഈ ക്യാമറകളെ സംബന്ധിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. ദേശീയപാതയിൽ സ്പോൺസർഷിപ്പോടെ കളമശേരി മെട്രോ സ്റ്റേഷനിൽ നിന്നു ചാക്കോളാസ് വരെ പൊലീസ് അൻപതിലേറെ പോസ്റ്റുകൾ സ്ഥാപിച്ചു ക്യാമറകളും ഘടിപ്പിച്ചു.
ദേശീയപാതയിൽ തന്നെ കൺട്രോൾ റൂമും സ്ഥാപിച്ചു. ക്യാമറകൾ ഒന്നുപോലും പ്രവർത്തിപ്പിച്ചില്ലെന്നു മാത്രമല്ല, അവ പൂർണമായും നശിച്ചു പോവുകയും ചെയ്തു.പിന്നീടു നഗരസഭ ‘മൊബൈൽ ഒളിക്യാമറ’ വാങ്ങി പരീക്ഷണം നടത്തി. മാലിന്യം കൂടുതലായി വലിച്ചെറിയുന്ന പ്രദേശങ്ങളിൽ മരങ്ങൾക്കിടയിൽ ഒളിപ്പിച്ചുവച്ചു മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായിരുന്നു ഈ ക്യാമറ വാങ്ങിയത്.
2 ലക്ഷത്തോളം രൂപ ചെലവിട്ടു വാങ്ങിയ ഈ ക്യാമറയ്ക്കും അധികം ആയുസ്സുണ്ടായില്ല. ഈ ക്യാമറ ഇപ്പോൾ ഉപയോഗിക്കാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫിസിൽ മേശയ്ക്കടിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. പരിപാലനത്തിനു കൃത്യമായ ആസൂത്രണത്തോടെ മാത്രമേ ഇനി ക്യാമറകൾ സ്ഥാപിക്കാവൂ എന്നാണ് ഭൂരിപക്ഷം കൗൺസിലർമാരും ആവശ്യപ്പെടുന്നത്.