നഗരസഭാ ഓഫിസിന്റെ മുറ്റത്ത് കൂടാരം സ്ഥാപിച്ചു സമരം

Mail This Article
കളമശേരി ∙ 10 വർഷമായി വീട് നിർമാണത്തിനുള്ള പെർമിറ്റ് നിഷേധിച്ചു നഗരസഭ പകരം വീട്ടുകയാണെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ ബോസ്കോ കളമശേരി നഗരസഭാ ഓഫിസിന്റെ അങ്കണത്തിൽ കൂടാരം സ്ഥാപിച്ച് സമരം നടത്തി.
പൊലീസ് നീക്കം ചെയ്യാനെത്തിയെങ്കിലും 2 മാസം മുൻപ് നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നു ചൂണ്ടിക്കാണിച്ചപ്പോൾ അവർ മടങ്ങി. നഗരസഭയിലെ അഴിമതിക്കെതിരെ പ്രതികരിച്ചതുകൊണ്ടാണ് തനിക്ക് വീടു നിർമിക്കാൻ അനുമതി നൽകാത്തതെന്നു ബോസ്കോ ആരോപിച്ചു. നഗരസഭാ ഓഫിസ് മുറ്റത്തു സ്ഥാപിച്ച കൂടാരത്തിനു വൈദ്യുതി കണക്‌ഷൻ നൽകാനുള്ള അനുമതിക്കായി ബോസ്കോ നൽകിയ അപേക്ഷ നഗരസഭ സ്വീകരിച്ചു.
മുനിസിപ്പൽ ഓഫിസിന്റെ മുറ്റത്ത് സെക്രട്ടറിയുടെ ഓഫിസിനു സമീപം തയാറാക്കിയ താൽക്കാലിക കൂടാരത്തിനു വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിനും തന്റെ മേൽവിലാസം മാറ്റുന്നതിനും നൽകിയ അപേക്ഷയാണ് സെക്രട്ടറി സ്വീകരിച്ച് രസീത് നൽകിയത്.
നഗരസഭ വിജിലൻസിനെയും തെറ്റിദ്ധരിപ്പിച്ചു, എൻഒസിക്ക് നഗരസഭ അപേക്ഷ നൽകിയിട്ടില്ലെന്ന് എൻഎഡി
കളമശേരി ∙ ബോസ്കോ ലൂയിസിനു വീട് നിർമിക്കുന്നതിനു എൻഎഡിയിൽ നിന്ന് എൻഒസി ലഭിക്കുന്ന കാര്യത്തിൽ നഗരസഭ എൽഎസ്ജിഡി ഇന്റേണൽ വിജിലൻസിനെയും തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞു. എൻഎഡിക്ക് അപേക്ഷ നൽകിയെന്നും അനുമതി ലഭിച്ചാലുടൻ ബോസ്കോയ്ക്ക് പെർമിറ്റ് അനുവദിക്കുമെന്നും കഴിഞ്ഞ ദിവസം സ്ഥല പരിശോധന നടത്തിയ വിജിലൻസിനു നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ തങ്ങൾക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്നും വ്യക്തികൾ നൽകേണ്ട ഡിക്ലറേഷനും നൽകിയിട്ടില്ലെന്ന് എൻഎഡി ജൂനിയർ മാനേജർ പി.കെ. റിഘേഷ് കുമാർ മുനിസിപ്പൽ സെക്രട്ടറിക്കു രേഖാമൂലം മറുപടി നൽകി. നഗരസഭയിൽ നിന്നു സെപ്റ്റംബർ 29ന് പ്ലാനും ബന്ധപ്പെട്ട രേഖകളും അയച്ചു നൽകിയിരുന്നു.
ഈ പ്ലാനിൽ നിലവിലുള്ള വഴിയും ലൊക്കേഷൻ പ്ലാനും വ്യക്തമാക്കി പുനഃസമർപ്പിക്കണമെന്നു എൻഎഡി നിർദേശിച്ചിരുന്നു. തുടർന്ന് കഴിഞ്ഞമാസം 12ന് പ്ലാനുകൾ പുനഃസമർപ്പിച്ചുവെന്നാണു നഗരസഭ അവകാശപ്പെട്ടത്. ഇതിൽ എൻഒസിക്കുള്ള അപേക്ഷയും ഡിക്ലറേഷൻ രേഖകളും ഇല്ലെന്നാണ് എൻഎഡി അറിയിച്ചിട്ടുള്ളത്.