സ്ഥിരം സമിതി: വി.എ. ശ്രീജിത്തിനെ തിരഞ്ഞെടുത്തത് ഹൈക്കോടതി റദ്ദാക്കി

Mail This Article
കൊച്ചി ∙ കോർപറേഷനിലെ വിദ്യാഭ്യാസ, കായികകാര്യ സ്ഥിരം സമിതി ചെയർമാനായി സിപിഎം കൗൺസിലർ വി.എ. ശ്രീജിത്തിനെ തിരഞ്ഞെടുത്തത് ഹൈക്കോടതി റദ്ദാക്കി. വി.എ. ശ്രീജിത്ത് രേഖപ്പെടുത്തിയ വോട്ട് അസാധുവാണെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. നിയമം അനുശാസിക്കുന്ന രീതിയിൽ അല്ല ശ്രീജിത്ത് വോട്ട് ചെയ്തതതെന്നും അത് അസാധുവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് കൗൺസിലറും തിരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥിയുമായിരുന്ന ബാസ്റ്റിൻ ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മേയ് 9നാണ് തിരഞ്ഞെടുപ്പ് നടന്നത്. കേരള മുനിസിപ്പാലിറ്റി ചെയർപഴ്സന്റെയും ഉപ ചെയർപഴ്സന്റെയും തിരഞ്ഞെടുപ്പു ചട്ട പ്രകാരം സ്ഥാനാർഥിയുടെ പേരിനു നേരെ ‘x’ എന്ന് അടയാളപ്പെടുത്തിയാണു വോട്ട് രേഖപ്പെടുത്തേണ്ടത്. തുടർന്ന് ബാലറ്റിന്റെ മറുവശത്ത് പേരും ഒപ്പും ഇടണം. വിദ്യാഭ്യാസ,കായിക സ്ഥിരം സമിതി അംഗങ്ങളിൽ ഒരാൾ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിന്നതോടെ ആകെ വോട്ട് 8 ആയി. വോട്ടെണ്ണലിൽ യുഡിഎഫ് അംഗം ഷീബ ഡുറോമിന്റെ വോട്ട് അസാധുവായി. ഇതോടെ ബാക്കിയുള്ള 7 വോട്ടിൽ 4 വോട്ടുകൾ ലഭിച്ച വി.എ.ശ്രീജിത്തിനെ വരണാധികാരി വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ബാസ്റ്റിൻ ബാബുവിനു നേരെ ആദ്യം ‘x’ എന്നു രേഖപ്പെടുത്തി പിന്നീട് അതു വെട്ടിത്തിരുത്തിയ ശേഷമാണു വി.എ. ശ്രീജിത്തിന്റെ പേരിനു നേരെ അടയാളമിട്ടതെന്നാണു ഹർജിക്കാരന്റെ ആരോപണം. വി.എ. ശ്രീജിത്തിന്റെ പേരിനു നേരെയുള്ള അടയാളം യഥാർഥത്തിൽ ‘x’ എന്നു കണക്കാക്കാനാകില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ബാലറ്റ് പേപ്പറിൽ തന്റെ പേരിനു നേരെ ‘x’ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഒരു ‘x’ മാത്രമാണുള്ളതെന്നതിനാൽ വോട്ട് സാധുവായി പരിഗണിക്കണമെന്നും വി.എ. ശ്രീജിത്ത് എതിർ സത്യവാങ്മൂലത്തിൽ അറിയിച്ചു.
ബാലറ്റ് പേപ്പറുകൾ പരിശോധിച്ച കോടതി ബാസ്റ്റിൻ ബാബുവിനു നേരെ ആദ്യം ‘x’ എന്നു രേഖപ്പെടുത്തി പിന്നീട് അത് വെട്ടിയെന്നും ശ്രീജിത്തിന്റെ പേരിനു നേരെ മറ്റൊരു അടയാളമുണ്ടെങ്കിലും ‘x’ എന്ന അടയാളം നൽകിയിട്ടില്ലെന്നും കണ്ടെത്തി. തുടർന്ന് ‘x’ അടയാളത്തിന്റെ അഭാവത്തിൽ ശ്രീജിത്തിന്റെ വോട്ട് അസാധുവാണെന്ന് ഉത്തരവിടുകയായിരുന്നു.
ഇനി നറുക്കെടുപ്പിന് സാധ്യത
കൊച്ചി ∙ ഹൈക്കോടതി തീരുമാനത്തോടെ കോർപറേഷൻ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്കു നീങ്ങാനാണു സാധ്യത. വി.എ. ശ്രീജിത്തിന്റെ വോട്ട് അസാധുവായി പ്രഖ്യാപിച്ചതോടെ വോട്ടെടുപ്പിൽ നിലവിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകളായി (3–3). സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുന്നതാണു രീതി.
അതേ സമയം, പുതിയ അധ്യക്ഷനെ എങ്ങനെ കണ്ടെത്തുമെന്നു കോടതി പറഞ്ഞിട്ടില്ല. വി.എ. ശ്രീജിത്തിന്റെ വോട്ട് അസാധുവായി പ്രഖ്യാപിക്കുകയും ചെയർമാൻ സ്ഥാനത്തേക്കുള്ള വി.എ. ശ്രീജിത്തിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കുകയുമാണു കോടതി ചെയ്തത്. തുടർ നടപടികൾ നിയമപ്രകാരം പിന്തുടരുമെന്നാണു കോടതി പറഞ്ഞിട്ടുള്ളത്. നിലവിൽ നടന്ന തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ നിലനിൽക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനാണു സാധ്യതയെന്നു വിലയിരുത്തപ്പെടുന്നു.