ADVERTISEMENT

വൈപ്പിൻ ∙ സംസ്‌ഥാന പാതയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ദിനം പ്രതി അര ഡസനോളം അപകടങ്ങളാണ്  ഈ റൂട്ടിൽ ഉണ്ടാകുന്നത്. അമിത വേഗത്തിനൊപ്പം  റോഡിന്റെ അപര്യാപ്തതകളും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു, കഴിഞ്ഞ ദിവസം ചാത്തങ്ങാട് , പള്ളത്താംകുളങ്ങര മേഖലകളിലുണ്ടായ അപകടങ്ങളിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടമായത്.  ചാത്തങ്ങാട് പാലത്തിനു സമീപം ബസുമായി  വാൻ കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്. ഇതിനു പിന്നാലെ അൽപം വടക്കോട്ടു മാറി പിക്കപ്പ് വാൻ ഇടിച്ച് കാൽനടക്കാരനും  മരിച്ചു.  ഒട്ടേറെ അപകടസാധ്യതകൾ പതിയിരിക്കുന്ന വൈപ്പിൻ റൂട്ടിൽ അമിതവേഗവും അശ്രദ്ധയുമാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്. പരിശോധനയ്ക്ക് പൊലീസും മോട്ടർ വാഹന വകുപ്പും രംഗത്തുണ്ടെങ്കിലും അപകടങ്ങൾ  കുറയുന്നില്ല. 

മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള  പരിശോധനയ്‌ക്ക് വലിയ വാഹനങ്ങളുടെ  ഡ്രൈവർമാരെയും വിധേയരാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട് അമിതവേഗത്തിനും മത്സരയോട്ടത്തിനും പണ്ടേ തന്നെ കുപ്രസിദ്ധമായ സ്വകാര്യ ബസുകളാണ് പലപ്പോഴും വാഹനാപകടങ്ങൾക്ക്  കാരണക്കാരാകാറുള്ളതെങ്കിലും മറ്റു വാഹനങ്ങളും ഇക്കാര്യത്തിൽ പിന്നിലല്ലെന്നാണ് പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ബൈക്കുകളും ചെറുവാഹനങ്ങളും അമിതവേഗത്തിന്റെ കാര്യത്തിൽ ഒട്ടും തന്നെ പിന്നിലല്ല.കുട്ടിഡ്രൈവർമാരുടെ എണ്ണവും പെരുകിയിരിക്കുകയാണ്. ഹെൽമെറ്റ് വേട്ടയ്‌ക്ക്  ഊർജിതമായി റോഡിലിറങ്ങുന്ന  പൊലീസിന് പലപ്പോഴും  ഇവരുടെ  പിടികൂടാൻ കഴിയുന്നില്ല. 

ഇരുചക്രവാഹനത്തിൽ രണ്ടിലേറെ പേർ യാത്ര ചെയ്യുന്നതും ഇപ്പോൾ വ്യാപകമാണ്.സംസ്‌ഥാന പാതയിലെ ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിന് ഫലപ്രദമായ യാതൊരു സംവിധാനവും നിലവിലില്ല. അമിതവേഗം കണ്ടെത്തുന്നതിനുള്ള   വാഹനം ഇവിടേക്ക് എത്താറില്ല. സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് പഞ്ചിങ് സ്‌റ്റേഷനുകൾ പുനസ്‌ഥാപിക്കണമെന്ന ആവശ്യവും  ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.ഇതിനു പുറമേയാണ്  റോഡിന്റെ  അപര്യാപ്തതകൾ. സംസ്ഥാനപാതയോരത്തെ ഇഴഞ്ഞു നീങ്ങുന്ന കാന നിർമാണം അപകടസാധ്യത  വർധിപ്പിക്കുന്നു.

 രാത്രി സമയത്തും നടത്തി ഈ ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നടപടിയില്ല. മാത്രമല്ല ‌കാന നിർമാണം  പൂർത്തിയായ ചില സ്ഥലങ്ങളിൽ  റോഡിന്റെ  വീതി കാര്യമായി  കുറഞ്ഞതായും  പരാതിയുണ്ട്. കൂടാതെ  കടകൾക്കു മുന്നിൽ വാഹനങ്ങൾക്കു തടസ്സമുണ്ടാക്കുന്ന തരത്തിൽ കാനയുടെ സ്ലാബ് ഉയർത്തി  നിർമിക്കുന്നതിൽ വ്യാപാരികൾക്കും പ്രതിഷേധമുണ്ട്. ഇത്തരം അപാകതകൾ കാൽനടക്കാർക്കും  ബുദ്ധിമുട്ടുണ്ടാക്കുന്നു. സൗന്ദര്യവൽക്കരണ പദ്ധതികളേക്കാൾ സുഗമവും അപകട രഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് അധികൃതർ മുൻഗണന നൽകേണ്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com