അറ്റകുറ്റപ്പണികൾ പൂർത്തിയായി വെള്ളം തുറന്നു വിട്ടപ്പോൾ റോഡ് ചെളിക്കുളമായി

Mail This Article
മൂവാറ്റുപുഴ∙ പൊട്ടിയ പൈപ്പിലെ അറ്റകുറ്റപ്പണിക്കു ശേഷം വെള്ളം തുറന്നു വിട്ടപ്പോൾ ഉണ്ടായ ജല പ്രവാഹത്തിൽ റോഡ് ചെളിക്കുളമായി. കോതമംഗലം - വാഴക്കുളം റോഡിൽ ആയവന പാലത്തിനു സമീപമാണ് റോഡിൽ ചെളി നിറഞ്ഞത്.ആയവന പാലത്തിനു സമീപം ഒരു മാസമായി പൈപ്പ് പൊട്ടി ജലമൊഴുകി റോഡിൽ കുഴികൾ രൂപപ്പെടുകയായിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് പൈപ്പിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
ജല അതോറിറ്റി ജീവനക്കാർ എത്തി രാത്രി മുഴുവൻ ഗതാഗതം തടസ്സപ്പെടുത്തിയാണു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. എന്നാൽ ഇതിനു പിന്നാലെ പൈപ്പിൽ നിന്നു റോഡിലേക്ക് ജലപ്രവാഹമായിരുന്നു. ഇതോടെ റോഡ് ചെളിക്കുളമായി മാറി. കുഴികളിൽ ചെളി വെള്ളം നിറഞ്ഞതോടെ ആഴം അറിയാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിലാകുന്ന സാഹചര്യമാണിപ്പോൾ. ഗുണനിലവാരമുള്ള പൈപ്പുകൾ സ്ഥാപിച്ചും റോഡിലെ കുഴികൾ അടച്ചും റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .