പാതി ജീവനിൽ ജലജീവൻ; പദ്ധതിയുടെ ആദ്യഘട്ടം പല പഞ്ചായത്തുകളിലും പൂർത്തിയായില്ല

Mail This Article
പിറവം ∙ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലജീവൻ മിഷൻ പദ്ധതിയുടെ ആദ്യഘട്ടം പല പഞ്ചായത്തുകളിലും പൂർത്തിയായില്ല. ഇലഞ്ഞി, തിരുമാറാടി, പാമ്പാക്കുട, മണീട് പഞ്ചായത്തുകളിലാണ് വിതരണ ലൈനുകളുടെ കുറവു കാരണം പദ്ധതി പാതിവഴിയിലായത്. അതേസമയം ചോറ്റാനിക്കര, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ, രാമമംഗലം പഞ്ചായത്തുകളിൽ ആദ്യഘട്ടം പൂർത്തിയായി. അടുത്ത ഓഗസ്റ്റ് 14നു മുൻപു പദ്ധതി പൂർത്തിയാകണമെങ്കിൽ തിരക്കിട്ടു ജോലികൾ തീർക്കണമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള റോഡുകൾ പൈപ്പ് ഇടുന്നതിനായി കുഴിക്കുന്നതിനു അനുമതി ലഭിക്കാത്തതും തിരിച്ചടിയാകുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ പുതിയ പൈപ്പ് ലൈനിനു പുറമെ രാമമംഗലം, മെതിപാറ, മണീട്, നെച്ചൂർ എന്നിവിടങ്ങളിൽ പുതിയ ശുദ്ധീകരണ ശാലകളും പൂർത്തിയാകണം.
അമൃത് പദ്ധതിക്കും പുരോഗതിയില്ല
നഗരസഭയിൽ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിന് ആരംഭിച്ച അമൃത് പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. സർവേയിൽ 2000 ഗുണഭോക്താക്കളെ കണ്ടെത്തിയെങ്കിലും 700 കണക്‌ഷനുകൾ മാത്രമാണു നൽകാനായത്. പഞ്ചായത്തുകളിൽ കണക്‌ഷൻ ലഭിക്കുന്നതിനു 10% ഗുണഭോക്തൃ വിഹിതം നൽകണം. എന്നാൽ നഗരസഭയിൽ സൗജന്യമാണ്. ഓരോ ഡിവിഷനിലുമുള്ള ഗുണഭോക്താക്കളുടെ പട്ടിക ലഭിക്കാത്തതാണു കാരണമായി ജല അതോറിറ്റി അധികൃതർ പറയുന്നത്. നഗരസഭയിൽ നിന്നാണു പട്ടിക നൽകേണ്ടത്.