കുഴി നിറഞ്ഞ് ആലുവ– വരാപ്പുഴ റോഡ്; അപകടഭീതിയിൽ വാഹനയാത്രികർ

Mail This Article
ആലങ്ങാട് ∙ ആലുവ– വരാപ്പുഴ പ്രധാന റോഡ് തകർന്നു കുണ്ടും കുഴിയുമായി. കടുങ്ങല്ലൂർ വളഞ്ഞമ്പലം മുതൽ ആലങ്ങാട് കവല വരെ ആധുനിക രീതിയിൽ ബിഎംബിസി ടാറിങ് നടത്തിയ റോഡാണു പലയിടത്തും തകർന്നു കിടക്കുന്നത്. തിരുവാലൂർ ഉഷാ ഗോഡൗണിനു സമീപം മധ്യഭാഗത്തായി റോഡ് തകർന്നു വലിയ കുഴിയായതോടെ അപകടങ്ങൾ സംഭവിക്കുന്നതു സ്ഥിരമാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണു കുഴിയിൽ ചാടി നിയന്ത്രണം തെറ്റി മറിഞ്ഞത്. മഴയുള്ളപ്പോൾ കുഴിയിൽ വെള്ളം കെട്ടി കിടക്കുകയും ചെയ്യുന്നു.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഒട്ടേറെ വാഹനങ്ങളാണ് ആലുവ, വരാപ്പുഴ, കടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി ഈ റോഡ് ആശ്രയിക്കുന്നത്. സമീപത്തുള്ള ഹംപും അശാസ്ത്രീയമായാണു നിർമിച്ചതെന്ന പരാതിയുമുണ്ട്. ഇതു പെട്ടെന്നു കാണാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപെടുന്നു. ആലുവ– വരാപ്പുഴ റോഡ് നിർമാണ സമയത്തു തന്നെ ക്രമക്കേടു നടന്നിട്ടുണ്ടെന്നാരോപിച്ചു നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതാണ്.അറ്റകുറ്റപ്പണി വൈകിയാൽ റോഡ് കൂടുതൽ തകരാൻ ഇടയുണ്ട്. എത്രയും വേഗം റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.