കോതകുളങ്ങരയിൽ 4 വാഹനം കൂട്ടിയിടിച്ചു; കുടുങ്ങിക്കിടന്ന ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ച് രക്ഷിച്ചു
Mail This Article
അങ്കമാലി ∙ ദേശീയപാതയിൽ കോതകുളങ്ങരയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചു. മിനി പിക്കപ് വാനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ച് രക്ഷിച്ചു. ഇന്നലെ 3.15 ന് ആയിരുന്നു അപകടം. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. മിനി കണ്ടെയ്നർ ലോറി, പിക്കപ് വാൻ, 2 കാറുകൾ എന്നിവയാണു കൂട്ടിയിടിച്ചത്. എല്ലാ വാഹനങ്ങളും അങ്കമാലി ഭാഗത്തേക്കു വരികയായിരുന്നു.
മുന്നിൽ പോയ കാർ പെട്ടെന്നു ബ്രേക്കിട്ടതോടെ കണ്ടെയ്നർ ലോറിയും ബ്രേക്കിട്ടു. ഇതോടെ മിനി പിക്കപ് വാൻ കണ്ടെയ്നർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. പിക്കപ് വാനിലെ ഡ്രൈവർ ചാലക്കുടി വി.ആർ.പുരം ചാവരാണിക്കൽ സി.ബി.ഷിജു (44) ആണ് വാഹനത്തിനുള്ളിൽ കുടുങ്ങിയത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ പൊളിച്ചാണു ഷിജുവിനെ രക്ഷിച്ചത്.
ഷിജുവിനെയും പിക്കപ് വാനിലുണ്ടായിരുന്ന അജയിനെയും (24) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി അഗ്നിരക്ഷാനിലയം ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.ബി.സുനിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ വി.കെ. ബിനിൽ, എം.രാമചന്ദ്രൻ, എം.എസ്. സൂരജ്, പി.ബി. സനൂപ്,അഭീഷ് ഗോപി, കെ.പി.ശ്രീജിത്ത്, റെയ്സൻ, ജയകുമാർ,കണ്ണൻ ദാസ്, ലിൻസോ പൗലോസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.