ADVERTISEMENT

പെരുമ്പാവൂർ ∙ ട്രാക്കിൽ 80–ാം വയസ്സിലും ഓട്ടം തുടരുന്ന കുറിച്ചിലക്കോട് പെരുമറ്റത്തിൽ പി.ഇ.സുകുമാരന്റെ വീടു നിറയെ സ്വർണമെ‍ഡലുകളാണ്.  ദേശീയ–രാജ്യാന്തര മത്സരങ്ങളിൽ ഓടിയും ചാടിയും  വാരിക്കൂട്ടിയവയാണിവ. 65 വർഷമായി കായിക താരമായും പരിശീലകനായും തുടരുന്ന പി.ഇ.സുകുമാരന് ഇതൊരു ജീവിതചര്യയാണ്.

മിൽഖ സിങ് ആരംഭിച്ച ഇന്ത്യൻ വെറ്ററൻസ്  മീറ്റിൽ 82 മുതൽ പങ്കെടുക്കുന്ന സുകുമാരൻ 34 സ്വർണ മെഡലുകളാണ് നേടിയത്. 100,200 മീറ്റർ ഓട്ടം, ഹർഡിൽസ്, ഹൈജംപ്, ട്രിപ്പിൾ ജംപ് എന്നിവയാണ് ഇനങ്ങൾ. മത്സരങ്ങൾ ഇടയ്ക്ക് ഒരു ഇടവേള വന്നു. 2013–21 കാലത്ത് 64 സ്വർണമെഡലും ഒരു സിൽവർ മെഡലും നേടി.

9 രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തു. 10 ഇനങ്ങളിൽ മത്സരിച്ചു. 10ലും സ്വർണം. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ശ്രീലങ്കയിൽ നടന്ന രാജ്യാന്തര മത്സരത്തിൽ സീനിയർ കായിക താരത്തിനുള്ള അവാർഡ് ലഭിച്ചു. 4 സ്വർണ മെഡലുകളും  നേടി. ജനുവരിയിൽ ബംഗാളിൽ നടന്ന രാജ്യാന്തര മത്സരത്തിൽ സ്വർണ നേട്ടം.

1964ൽ കാലടി ശങ്കര കോളജിൽ പ്രീഡിഗ്രിക്കു ചേർന്നതോടെയാണ് കായിക താൽപര്യം സജീവമായത്. കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് ടീമിൽ അംഗമായത് വഴിത്തിരിവായി. 100 മീറ്റർ ഓട്ടത്തിലും 400 മീറ്റർ റിലേയിലും ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി മീറ്റിൽ സ്വർണ മെഡൽ ജേതാവായി.  1970ൽ ട്രാവൻകൂർ റയോൺസിൽ ജോലിക്കാരനായി. ഇതിനിടിയിലും കായിക മത്സരങ്ങൾ തുടർന്നു. 2002ൽ ജോലിയിൽ നിന്നു വിരമിച്ചു. 

ഇന്ത്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും കേരള അത്‌ലറ്റിക്സ് ഓഫ്  സീനിയേഴ്സ് സംസ്ഥാന സെക്രട്ടറിയും  ആണ്. ഭാര്യ:സോയ. മക്കൾ:ഡോ.സുജിത്കമാർ( പ്രഫസർ,പോണ്ടിച്ചേരി  യൂണിവേഴ്സിറ്റി), സ്വപ്ന( ബിസിനസ്, ബെംഗളൂരു).മരുമക്കൾ:മിക്സി മോൾ( കംപ്യൂട്ടർ വിഭാഗം മേധാവി,  പോണ്ടിച്ചരി യൂണിവേഴ്സിറ്റി), ഡിപിൻ നോബിൾ പോൾ(ബാങ്ക് ഓഫ് ബറോഡ, സോണൽ മാനേജർ, ബെംഗളൂരു). 

ദൈനംദിനചര്യകൾ  കൃത്യം

കൃത്യമായ ജീവിതചര്യയാണ് ആരോഗ്യത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. പുലർച്ചെ 3.30ന് എഴുന്നേൽക്കും.  ഏലക്കയും ഇഞ്ചിയും ചതച്ചിട്ടു പാൽ ചായ കുടിക്കും.4.45ന് ഓടാൻ പോകും. മലയാറ്റൂർ മല പലപ്രാവശ്യം ഓടിക്കയറുന്നതാണു വ്യായാമം.6.30ന് തിരികെ എത്തും. ഒരു ഏത്തപ്പഴം, കോഴിമുട്ട, 4 ബദാം, 4 കശുവണ്ടി പരിപ്പ്, ഒരു ഗ്ലാസ് പാൽ എന്നിവയാണ് പ്രഭാത ഭക്ഷണം. 7ന് പറമ്പിൽ  കൃഷിക്ക് ഇറങ്ങും. 12.45ന് തിരികെയെത്തി കുളിക്കും. പച്ചക്കറി കൂട്ടി അൽപം ചോറ് കഴിക്കും. അര മണിക്കൂർ കിടക്കും. 2 മണിയോടെ വായനശാല, കായിക പ്രവർത്തനങ്ങളുമായി പുറത്തേക്ക്. വൈകിട്ട് 6 മണിക്ക് ഒരു പ്ലേറ്റ് കപ്പ. 6.30ന് കുളി. 7ന് ടിവിയിൽ വാർത്ത കാണും. 8ന് ഓട്സ് ക‍ഞ്ഞി കുടിക്കും. 9.30ന് ഉറങ്ങാൻ കിടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT