ഇളന്തിക്കര – കോഴിത്തുരുത്ത് മണൽ ബണ്ട്: ഡ്രജർ എത്തി

Mail This Article
പുത്തൻവേലിക്കര ∙ ഇളന്തിക്കര – കോഴിത്തുരുത്ത് മണൽബണ്ട് നിർമാണത്തിനായി ആലപ്പുഴയിൽ നിന്നു ഡ്രജർ എത്തിച്ചു. മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമാണം തുടങ്ങും. മണൽബണ്ട് നിർമാണത്തിനായി ഇത്തവണ 24.62 ലക്ഷം രൂപയുടെ ഭരണാനുമതിയാണു ലഭിച്ചിരിക്കുന്നത്. പെരിയാറിൽ നിന്നു ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നതു തടയാനാണ് ഇളന്തിക്കര – കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ചു മണൽബണ്ട് കെട്ടുന്നത്. ഒരു മാസത്തോളമെടുക്കും നിർമാണം പൂർത്തിയാകാൻ.
നിർമാണം വൈകുന്തോറും പെരിയാറിൽ നിന്നു ചാലക്കുടിയാറിലേക്ക് ഓരുജലം എത്താനുള്ള സാധ്യത വർധിക്കും. ഓരുജലം കയറിയാൽ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, കുന്നുകര, പാറക്കടവ്, തൃശൂർ ജില്ലയിലെ കുഴൂർ, അന്നമനട, മാള തുടങ്ങിയ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമവും കൃഷിനാശവും ഉണ്ടാകും.
ചാലക്കുടിയാറിലെ വെള്ളം ശുദ്ധീകരിച്ചാണു പുത്തൻവേലിക്കര പഞ്ചായത്തിലെ എല്ലാ വാർഡുകളിലും എത്തിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം അൽപം വൈകിയാണ് ബണ്ട് നിർമാണം തുടങ്ങുന്നത്. ഇത്രയും നാൾ ഇടയ്ക്കിടെ മഴ പെയ്തതിനാൽ പ്രതിസന്ധിയുണ്ടായില്ല.
മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും ചാലക്കുടിയാറിൽ ഓരുജലമെത്താം. പെരിയാറിൽ നിന്നു ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നതു ശാശ്വതമായി തടയാൻ കണക്കൻകടവിൽ നിർമിച്ച റഗുലേറ്റർ കം ബ്രിജിലെ ഷട്ടറുകൾ ചോരുന്നതിനാലാണ് എല്ലാ വർഷവും മണൽ ബണ്ട് നിർമിക്കുന്നത്.