ദമ്പതികളെ പരിചരിക്കാന്‍ എത്തി വള മോഷ്ടിച്ച കേസിൽ അറസ്റ്റിൽ

Mail This Article
വടക്കേക്കര ∙ വടക്കുംപുറത്തു താമസിക്കുന്ന പ്രായമായ ദമ്പതികളെ പരിചരിക്കാനെത്തി 2 പവന്റെ വള മോഷ്ടിച്ച കേസിൽ ഹോം നഴ്സ് തൃശൂർ പഴഞ്ഞി പെരുംതുരുത്തി പുലിക്കോട്ടിൽ ജലജ (48) അറസ്റ്റിൽ. വടക്കുംപുറത്തെ വീട്ടിൽ 2 മാസം മുൻപാണ് ജലജ ജോലിക്കെത്തിയത്. ദമ്പതികൾ കിടക്കുന്ന മുറിയിലെ അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന വള മോഷ്ടിച്ച ശേഷം ജലജ തന്റെ നാട്ടിലെ ബാങ്കിൽ പണയം വച്ചു. വിശ്വാസം പിടിച്ചുപറ്റി വീട്ടുകാരിൽ നിന്നു 50,000 രൂപ കടം വാങ്ങുകയും ചെയ്തു.
വള പണയം വച്ചു കിട്ടിയ പണത്തിലൊരു വിഹിതം വായ്പയുടെ ഭാഗമായി വീട്ടുകാർക്കു തിരിച്ചു നൽകി. വള നഷ്ടപ്പെട്ടെന്നു മനസ്സിലാക്കിയ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു ജലജയെ അറസ്റ്റ് ചെയ്തത്. വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ വി.സി.സൂരജ്, സബ് ഇൻസ്പെക്ടർമാരായ എം.എസ്.ഷെറി, വി.എം.റസാഖ്, എ.ജി.മുരളി, എഎസ്ഐ സുധി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഗ്രേസി, ശ്രീകാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ജലജയെ കോടതി റിമാൻഡ് ചെയ്തു.