ഓർഗാനിക് ഗ്രീൻ പ്രോഡക്ട് ഫാക്ടറിയിൽ തീപിടിത്തം; അഗ്നിരക്ഷാസേനയുടെ 7 യൂണിറ്റ് തീയണച്ചത് 2 മണിക്കൂർ കൊണ്ട്
Mail This Article
ആലുവ∙ അസീസി ജംക്‌ഷനിൽ കയറ്റുമതിക്കുള്ള ജൈവഉൽപന്നങ്ങൾ നിർമിക്കുന്ന എംആർടി ഓർഗാനിക് ഗ്രീൻ പ്രോഡക്ട് ഫാക്ടറിയിൽ പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ആലുവ, പെരുമ്പാവൂർ, അങ്കമാലി, ഗാന്ധി നഗർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ 7 യൂണിറ്റ് 2 മണിക്കൂർ കഠിനാധ്വാനം ചെയ്താണു തീയണച്ചത്. ശക്തമായ പുക മൂലം ബ്രീത്തിങ് അപ്പാരറ്റ്സിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
ഫുഡ് ഫ്ലേവറുകളുടെ രൂക്ഷ ഗന്ധവും പുകയും ഇടയ്ക്കിടെ ക്യാനുകൾ പൊട്ടിത്തെറിച്ചതും രക്ഷാപ്രവർത്തനത്തിനു പ്രതിബന്ധം സൃഷ്ടിച്ചു. കമ്പനിക്കകത്തു ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നു. ഫാക്ടറിയുടെ തൊട്ടു മുകളിലൂടെ പോകുന്ന ആലുവ–പള്ളിവാസൽ 220 കെവി ലൈൻ രക്ഷാപ്രവർത്തനത്തിനു വേണ്ടി ഓഫാക്കി. തീ ആളിപ്പടരുന്നതു കണ്ടു സമീപത്തെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിയാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.
കമ്പനി ഓഫിസിനു പിന്നിലെ 2 നിർമാണ യൂണിറ്റുകൾ പൂർണമായും കത്തിനശിച്ചു. എന്നാൽ, പ്രധാന ഗോഡൗണിലേക്കു തീ പടരാതിരുന്നത് അഗ്നിബാധയുടെ ആഘാതം കുറച്ചു. 9 ജീവനക്കാർ ഉണ്ടെങ്കിലും രാത്രി കമ്പനിയിൽ ആരും ഉണ്ടായിരുന്നില്ല. സൗത്ത് എടയപ്പുറം ലക്ഷ്മി ലൈൻ ശ്രീനിലയത്തിൽ രാജശ്രീ മഹിബാലിന്റേതാണു കമ്പനി.