ഗതാഗത പരിഷ്കാരം യാത്രികർക്കു ദുരിതം

Mail This Article
പിറവം∙ടൗണിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം യാത്രക്കാരെ വലയ്ക്കുന്നു. കൂടിയാലോചനകളില്ലാതെ വൺവേ റോഡുകൾ നിശ്ചയിക്കുകയും ചില റോഡുകളിൽ ഗതാഗതം തടയുകയും ചെയ്തതാണു പരിഷ്കാരം നടപ്പാക്കിയത്. റവന്യു ജില്ലാ കലോത്സവത്തിനു പുറമേ ശബരിമല തീർഥാടനം ആരംഭിച്ചതോടെ നൂറു കണക്കിനു വാഹനങ്ങളാണു പിറവം വഴി കടന്നു പോകുന്നത്. നിലവിലുള്ള സംവിധാനമനുസരിച്ചു കിഴക്കൻ മേഖലയിലേക്കുള്ള വാഹനങ്ങൾ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തി വൺവേ റോഡിലൂടെ കരവട്ടെ കുരിശ് ജംക്‌ഷനിലൂടെ തിരിഞ്ഞാണു പോകേണ്ടത്.
എന്നാൽ വൺവേ റോഡിലൂടെ കുത്തനെയുള്ള കയറ്റത്തിൽ ഭാരവാഹനങ്ങൾ നിന്നു പോകുകയോ തിരിയാൻ ബുദ്ധിമുട്ടുകയോ ചെയ്താൽ പിന്നാലെ എത്തുന്ന വാഹനങ്ങളും കുരുങ്ങി ഗതാഗതം താറുമാറാകും.കഴിഞ്ഞ ദിവസം ലോറി തകരാറിലായതോടെ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങളും ഇവിടെ തിരിഞ്ഞു പോകാൻ ബുദ്ധിമുട്ടിയിരുന്നു.
പാലത്തിനു സമീപം ശബരിമല പാലാ ഭാഗത്തേക്കു പോകുന്നതിനു കടവു റോഡിലേക്കു തിരിയുന്ന നിലയിൽ ബോർഡു സ്ഥാപിച്ചാൽ ഒരു പരിധിയോളം പ്രശ്ന പരിഹാരമാകുമെന്നാണു പറയുന്നത്. മറ്റു ഭാഷകൾ കൂടി ബോർഡിൽ രേഖപ്പെടുത്തിയാൽ ശബരിമല തീർഥാടകർ ഉൾപ്പെടെ ഉള്ളവർക്കും പ്രയോജനകരമാകും.