വാഹനങ്ങൾ വെള്ളത്തിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവ്; പേടിസ്വപ്നമായി തീരദേശ റോഡ് യാത്ര

Mail This Article
വൈപ്പിൻ∙ ജലാശയങ്ങൾക്കു നടുവിലൂടെ പോകുന്ന തീരദേശ റോഡിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് പേടിസ്വപ്നമായി മാറുന്നു. റോഡിൽ നിന്ന് തെന്നി വാഹനങ്ങൾ വെള്ളത്തിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവായിരിക്കുകയാണ്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി ഒഴിവാകുന്നത്. പള്ളത്താംകുളങ്ങര ബീച്ച് റോഡ്, രക്തേശ്വരി ബീച്ച് റോഡ് എന്നിവിടങ്ങളിലാണ് അപകടങ്ങൾ പതിവ്.
രക്തേശ്വരി റോഡിൽ നേരത്തെ ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ സ്ത്രീ മരിച്ചിരുന്നു. പിന്നീട് പലതവണ ഇത്തരം അപകടങ്ങൾ ഉണ്ടായെങ്കിലും നാട്ടുകാരുടെ ഇടപെടലും വാഹന യാത്രികരുടെ മനോധൈര്യവും കൊണ്ട് മാത്രമാണ് ജീവഹാനി ഒഴിവായത്. കഴിഞ്ഞ ദിവസവും പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ കാർ വെള്ളത്തിൽ വീണ് അപകടം ഉണ്ടായി. വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരും പെട്ടെന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ഇതിനുശേഷം കാർ പൂർണമായി വെള്ളത്തിൽ മുങ്ങി. സംസ്ഥാനപാതയിൽ നിന്ന് ബീച്ച് റോഡുകളിലേക്ക് എത്താനുള്ള പല പോക്കറ്റ് റോഡുകൾ ഉണ്ടെങ്കിലും പലരും തിരഞ്ഞെടുക്കുന്നത് പള്ളത്താംകുളങ്ങര, രക്തേശ്വരി റോഡുകളാണ്. ചെമ്മീൻ പാടങ്ങൾക്കും പൊയിലിനും നടുവിലൂടെ കടന്നുപോകുന്ന റോഡുകൾ മനോഹര കാഴ്ച ഒരുക്കും എന്നതാണ് പ്രധാന ആകർഷണം.
ജലാശയങ്ങൾക്ക് നടുവിലൂടെ കടന്നു പോകുന്ന ഭാഗത്ത് പലയിടത്തും റോഡിന് വേണ്ടത്ര ഉയരമില്ല. ഒട്ടുമിക്ക സ്ഥലങ്ങളിലും കൈവരികളും ഇല്ല. അപകടങ്ങൾ പതിവായതിനെ തുടർന്ന് ചിലയിടങ്ങളിൽ ദിശാസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പെട്ടെന്ന് ഡ്രൈവർമാരുടെ കണ്ണിൽപ്പെടാത്ത തരത്തിലാണെന്ന് ആക്ഷേപമുണ്ട്. താഴ്ന്നു കിടക്കുന്ന റോഡുകൾ വേലിയേറ്റ സമയത്ത് വെള്ളം കയറി മുങ്ങുന്നതും പതിവ്.
രാത്രിയും പുലർച്ചെയും റോഡുകളിൽ പതിവായി അപകടം ഉണ്ടാകാറുള്ളത്. ജനവാസ മേഖലയാണെങ്കിലും രാത്രി വിജനമാകുന്ന പ്രദേശങ്ങൾ കൂടിയാണിത്. അപകടമുണ്ടായാൽ പലപ്പോഴും രക്ഷാപ്രവർത്തനത്തിന് ആളുകൾ എത്തുന്നതിന് ഇത് തടസ്സമായി മാറുന്നു. സമീപത്തുള്ള ചെമ്മീൻ കെട്ട് നടത്തിപ്പുകാരും മത്സ്യത്തൊഴിലാളികളും മറ്റുമാണ് പലപ്പോഴും വെള്ളത്തിൽ വീഴുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് രക്ഷകരായി മാറാറുള്ളത്.