മുകുന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം

Mail This Article
നെടുമ്പാശേരി ∙ തുരുത്തിശേരി മുകുന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. മുപ്പതിനായിരത്തോളം രൂപയും 3 ഗ്രാം സ്വർണവും നഷ്ടമായി. അമ്പലത്തിന്റെ ഓഫിസ് കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. കഴിഞ്ഞ ദിവസമാണ് അമ്പലത്തിലെ ഉത്സവം സമാപിച്ചത്. ഭണ്ഡാരത്തിൽ നിന്ന് ലഭിച്ച തുക ഓഫിസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഓഫിസ് തുറന്നപ്പോഴാകാം മോഷ്ടാവിന് ശ്രീകോവിലിന്റെ താക്കോൽ ലഭിച്ചതെന്ന് കരുതുന്നു. ശ്രീകോവിലിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഓഫിസിൽ സൂക്ഷിച്ചിരുന്നു.
ചുറ്റമ്പലത്തിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് ശ്രീകോവിൽ തുറന്ന് സ്വർണം മോഷ്ടിച്ചു. മോഷണ ശേഷം ശ്രീകോവിൽ അടച്ചിരുന്നു. താക്കോൽ കിട്ടിയില്ല. അമ്പല ഭാരവാഹികൾ ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഓഫിസ് കുത്തിപ്പൊളിച്ചതായി ശ്രദ്ധയിൽപെട്ടത്. മേൽശാന്തി എത്തി ശ്രീകോവിൽ തുറന്നപ്പോഴാണ് ശ്രീകോവിൽ തുറന്ന് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. തൊട്ടടുത്ത കുമരംചിറങ്ങര ക്ഷേത്രത്തിന്റെ ഭണ്ഡാരവും കുത്തിപ്പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. നെടുമ്പാശേരി പൊലീസിൽ പരാതി നൽകി. പൊലീസിന്റെ ശാസ്ത്രീയാന്വേഷണ വിഭാഗം എത്തി പരിശോധന നടത്തി.