നവകേരള സദസ്സിനായി പെരുമ്പാവൂരിൽ സ്കൂളിന്റെ മതിൽ പൊളിച്ചു

Mail This Article
പെരുമ്പാവൂർ ∙ വിവാദങ്ങൾക്കിടെ നവകേരള സദസ്സിനായി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചു. പരാതിക്കാർക്കും പൊതുജനങ്ങൾക്കും സദസ്സിലേക്കു പ്രവേശിക്കുന്നതിനായിട്ടാണു മതിൽ പൊളിച്ചു രണ്ടാമത്തെ കവാടം നിർമിച്ചത്. സംഘാടക സമിതിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ജീവനക്കാരാണ് മതിൽ പൊളിച്ചു കവാടം നിർമിച്ചത്.

സ്കൂളിന്റെ പ്രധാന കവാടത്തിലൂടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിക്കുന്ന ബസ് മൈതാനത്തേക്കു പ്രവേശിക്കുന്നത്. മതിൽ പൊളിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. കൗൺസിലർ കെ.സി.അരുൺകുമാറിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.

വേദിക്കടുത്തുള്ള മതിൽ ലോറിയിടിച്ച് തകർത്തു
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വേദിക്കു സമീപത്തുള്ള മതിൽ ഇന്നലെ ലോറി ഇടിച്ചു തകർന്നു. പുതിയകാവ് ക്ഷേത്ര മൈതാനിയുടെ മതിലിലാണ് ലോറി ഇടിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു സംഭവം എന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. എതിരെ വന്ന കാർ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ലോറിയുടെ പിറകുവശം ഇടിക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഇടിച്ച ശേഷം ലോറി നിർത്താതെ പോയി. നവകേരള സദസ്സിനു വേണ്ടി മതിൽ പൊളിക്കുകയായിരുന്നു എന്ന ചർച്ചകളും ഇന്നലെയുണ്ടായി.
കോൺഗ്രസ് പറയുന്നുസർക്കാരിന്റെ കെടുകാര്യസ്ഥത;വികസനം മുടങ്ങി
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ജില്ലയിൽ നവകേരള സദസ്സ് ആരംഭിക്കാനിരിക്കെ സർക്കാർ കെടുകാര്യസ്ഥത മൂലം നിയോജക മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങൾ പൂർണമായും മുടങ്ങിയെന്ന കടുത്ത ആക്ഷേപവുമായി കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ രംഗത്ത്.
പ്രയോജനം ഉണ്ടാകില്ലെന്ന പൂർണ ബോധ്യമുള്ളതു കൊണ്ടാണു നവകേരള സദസ്സ് ബഹിഷ്കരിക്കുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസിന് ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള ജില്ലയാണ് എറണാകുളം.