ADVERTISEMENT

തൃപ്പൂണിത്തുറ ∙ റെയിൽവേ സ്റ്റേഷനു സമീപമുള്ള മെട്രോ സ്റ്റേഷനിലേക്കു മെട്രോ സർവീസിനുള്ള കാത്തിരിപ്പിനു ഏതാനും ആഴ്ചകൾക്കുള്ളിൽ വിരാമമാകും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള മെട്രോയുടെ ആദ്യ പരീക്ഷണം ഓട്ടം വിജയകരമാണെന്നു കെഎംആർഎൽ അധികൃതർ പറഞ്ഞു. സിഗ്നൽ സംവിധാനങ്ങളിലെ കൃത്യത ഉൾപ്പെടെ ഉറപ്പുവരുത്താൻ ഈ മേഖലയിലെ ആദ്യ ട്രയൽ റൺ സഹായകരമായി. വരും ദിവസങ്ങളിലും ഇവിടെ പരീക്ഷണയോട്ടം തുടരും.

3 പ്ലാറ്റ്ഫോമും 3 ട്രാക്കുകളുമാണു തൃപ്പൂണിത്തുറ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. 1.35 ലക്ഷം ചതുരശ്ര അടിയിൽ വിസ്തീർണമുള്ള തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിട്ടുണ്ട്. നഗരത്തിന്റെ സമഗ്ര വികസനത്തിനും ഗതാഗത കുരുക്ക് ഒഴിവാക്കാനും തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കു മെട്രോ വരുന്നതോടെ സാധിക്കും എന്ന പ്രതീക്ഷയാണ് നഗരവാസികൾക്ക്. കിഴക്കൻ മേഖലയിൽ നിന്നു വരുന്നവർക്കും, റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടുമെന്ന് അധികൃതർ പറഞ്ഞു.

റെയിൽവേ സ്റ്റേഷനിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്കു നടപ്പാലം പണിയാനുള്ള ആലോചനയും റെയിൽവേയ്ക്കുണ്ട്. എറണാകുളത്തേക്കും മറ്റുമുള്ള യാത്രകൾക്കു റോഡിൽ സമയം കളയാതെ വേഗത്തിൽ എത്താൻ മെട്രോ വരുന്നതോടെ കഴിയും. ഇതോടെ ഈ സ്റ്റേഷനിൽ തിരക്ക് വർധിക്കും. മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപത്തായി വരുന്നതോടെ കിഴക്കേക്കോട്ട, സ്റ്റാച്യു എന്നീ രണ്ടു കേന്ദ്രങ്ങളിലായി മാത്രം ഒതുങ്ങി നിൽക്കുന്ന നഗരം കുറച്ചു കൂടി വളർന്നു വിസ്തൃതി കൈവരിക്കും.

ബസ് സ്റ്റാൻഡ് കൂടി പരിഗണിക്കാം
മെട്രോ ടെർമിനൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപത്തേക്ക് എത്തുമ്പോൾ നഗരസഭയുടെ പദ്ധതിയായ ബസ് ടെർമിനലും കൂടി ഈ ഭാഗത്തു വന്നാൽ അത് വികസനക്കുതിപ്പാകും. നിലവിലുള്ള ബസ് സ്റ്റാൻഡിൽ അഞ്ചോ എട്ടോ ബസ് പാർക്ക് ചെയ്തു കഴിഞ്ഞാൽ സ്റ്റാൻഡ് നിറയുന്ന സ്ഥിതിയാണ്. വൈറ്റില മൊബിലിറ്റി ഹബ് മാതൃകയിൽ ബസുകളുടെ ഹബ്ബാക്കി മാറ്റിയാൽ എത്ര അകലെ നിന്നുള്ളവർക്കും സ്റ്റേഷനിൽ ഇറങ്ങിയാൽ ബസ് കിട്ടുന്ന സാഹചര്യമുണ്ടാകും. നേരിട്ട് സ്റ്റേഷനു മുന്നിൽ ബസിറങ്ങാൻ കഴിയും.

English Summary:

Trial Runs Begin to Kochi Metro's Tripunithura Terminal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com