പുതുവൈപ്പ് ആർഎംപി തോട് അഴിമുഖ കവാടം അടയാൻ സാധ്യത

Mail This Article
എളങ്കുന്നപ്പുഴ∙ പുതുവൈപ്പ് ആർഎംപി തോടിന്റെ അഴിമുഖ കവാടത്തിൽ രൂപം കൊണ്ട മണൽത്തിട്ട അനുദിനം വലുതാകുന്നു. ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ അഴിമുഖ കവാടം അടഞ്ഞേക്കും. കവാടം അടഞ്ഞാൽ വൈപ്പിൻ,പുതുവൈപ്പ്,മാലിപ്പുറം വരെയുള്ള പ്രദേശങ്ങളിലെ വെള്ളം കയറ്റിറക്ക് നിലയ്ക്കും. കവാടത്തിൽ അവശേഷിച്ച വളരെ ചെറിയ ഭാഗത്തിലൂടെ കടലിലേക്കിറങ്ങുന്ന മീൻപിടിത്ത വഞ്ചികളുടെ നീക്കവും പ്രതിസന്ധിയിലാകും. മീൻ സമ്പന്നമായിരുന്ന ആർഎംപി തോട് മത്സ്യത്തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായിരുന്നു.
ഇപ്പോൾ വീശുവലകളിൽ മീൻ കിട്ടുന്നത് അപൂർവമാണെന്ന് അവർ പറയുന്നു. ഇവിടെ അടിഞ്ഞുകൂടുന്ന മണ്ണ് ചില തൊഴിലാളികൾ വാരി വിറ്റിരുന്നു. കൊച്ചിൻ പോർട്ടിന്റെ അധീനതയിലുള്ള ഇവിടെ നിന്നു മണ്ണ് വാരുന്നത് ഈയിടെ പൊലീസ് തടഞ്ഞതോടെയാണ് മണൽത്തിട്ട വലുതാകാൻ തുടങ്ങിയതെന്നു പതിറ്റാണ്ടായി മണൽത്തിട്ട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധികൃതർക്കു പരാതി നൽകുന്ന കെ.ജി. ആൻസൻ ചൂണ്ടിക്കാട്ടുന്നു. കൊച്ചിൻ പോർട്ടും എളങ്കുന്നപ്പുഴ പഞ്ചായത്തും ചേർന്ന് ഇവിടെ ഡ്രജിങ് നടത്തി മണൽത്തിട്ട നീക്കം ചെയ്യണമെന്നാണ് ആവശ്യം.