കൊച്ചി മെട്രോ രണ്ടാംഘട്ട വികസനം: ടെൻഡറിൽ പങ്കെടുത്തത് മൂന്നു കമ്പനികൾ

Mail This Article
കൊച്ചി ∙ കൊച്ചി മെട്രോയുടെ കലൂർ– കാക്കനാട് രണ്ടാംഘട്ട വികസനത്തിന്റെ നിർമാണത്തിനു 3 കമ്പനികൾ ബിഡ് സമർപ്പിച്ചു.അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, കെഇസി ഇന്റർനാഷനൽ ലിമിറ്റഡ്, റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്നിവയാണു സിവിൽ നിർമാണത്തിനുള്ള ടെൻഡറിൽ ബിഡ് സമർപ്പിച്ചത്. ഇവരുടെ ടെക്നിക്കൽ ബിഡ് കൂടി പരിശോധിച്ച ശേഷം കെഎംആർഎൽ അന്തിമ തീരുമാനമെടുക്കും.കലൂർ രാജ്യാന്തര സ്റ്റേഡിയം സ്റ്റേഷൻ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്റർ പിങ്ക് ലൈനിന്റെ നിർമാണം 600 ദിവസം കൊണ്ടു പൂർത്തിയാക്കണമെന്നാണു ടെൻഡർ വ്യവസ്ഥ
പുതിയ പാതയിൽ 10 സ്റ്റേഷനുകളുണ്ടാവും. ഇതിനു പുറമെ കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ പുതിയ ലൈനിലേക്കു ഇന്റർചെയ്ഞ്ചിന്റെ ഭാഗമായി പുതിയൊരു സ്റ്റേഷൻ കൂടി വരും.രണ്ടാംഘട്ട നിർമാണത്തിനു കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ 378.57 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ വലിയൊരു ഭാഗം കെഎംആർഎലിനു നേരത്തേ ലഭിച്ചതാണെങ്കിലും വിദേശ വായ്പ ലഭിക്കും വരെയുള്ള നിർമാണത്തിന് ഇൗ തുക ഉപകരിക്കും. ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നുള്ള വായ്പ ധാരണയായെങ്കിലും ഇതുവരെ കരാർ ഒപ്പുവച്ചിട്ടില്ല.