ADVERTISEMENT

പറവൂർ ∙ പ്രധാനപ്പെട്ട ചില പദ്ധതികൾ പറവൂരിൽ യാഥാർഥ്യമാകാൻ സാധ്യതയുള്ള വർഷമാണ് 2024. വലിയ പ്രതീക്ഷയോടെയാണു നാട് പുതുവർഷത്തെ ഉറ്റുനോക്കുന്നത്. സർക്കാർ കോളജ്, സബ് ട്രഷറി, ചാത്തനാട് – കടമക്കുടി പാലം, മുനിസിപ്പൽ സ്റ്റേഡിയം എന്നിവ ജനങ്ങളുടെ സ്വപ്നമാണ്. ദേശീയപാത 66 ന്റെ 75 ശതമാനം നിർമാണം അടുത്ത ഒരു വർഷത്തിനകം പൂർത്തിയായേക്കും. വീതിയുള്ള റോഡ് വന്നു നാടും നഗരവും മാറുന്ന വർഷമാകും ഇത്.
പറവൂർ സബ് ട്രഷറി
കച്ചേരി മൈതാനിയിൽ പുതിയ സബ് ട്രഷറി കെട്ടിട നിർമാണം തുടങ്ങും. മൈതാനിയിൽ ട്രഷറിക്ക് ആദ്യം അനുവദിച്ച 15 സെന്റ് നിയമ വകുപ്പിനു തിരിച്ചു നൽകാനും പഴയ സബ് ട്രഷറി കെട്ടിടം സ്ഥിതി ചെയ്യുന്ന റവന്യു വകുപ്പിന്റെ സ്ഥലം ട്രഷറി വകുപ്പിന് കൈമാറാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. പഴയ കെട്ടിടം പൊളിച്ചാണു പുതിയതു പണിയുക. നിലവിൽ, നായരമ്പലത്തു പ്രവർത്തിക്കുന്ന പറവൂർ സബ് ട്രഷറി താൽക്കാലികമായി പഴയ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലേക്ക് മാറ്റാനും നടപടിയെടുക്കുന്നുണ്ട്.
സർക്കാർ കോളജ്
സർക്കാർ ഏറ്റെടുത്ത കേസരി ആർട്സ് ആൻഡ് സയൻസ് കോളജിൽ ക്ലാസുകൾ 2024 – 2025 അധ്യയന വർഷം ആരംഭിക്കും. കോളജ് ആരംഭിക്കാനുള്ള ഫണ്ട് വരുന്ന ബജറ്റിൽ അലോട്ട് ചെയ്യുമെന്നാണു പ്രതീക്ഷ. വിദ്യാർഥികൾക്ക് സ്പോട് അഡ്മിഷൻ നൽകും. കേസരി എ.ബാലകൃഷ്ണ പിള്ള അന്ത്യവിശ്രമം കൊള്ളുന്ന മാടവനപറമ്പിൽ സ്ഥിതി ചെയ്യുന്ന കോളജിൽ തുടക്കത്തിൽ 3 കോഴ്സുകൾ ഉണ്ടാകും.

മുനിസിപ്പൽ സ്റ്റേഡിയം‌‌
കായികപ്രേമികൾ കാത്തിരിക്കുന്ന മുനിസിപ്പൽ സ്റ്റേഡിയം നവീകരണം ഈ വർഷം തുടങ്ങിയേക്കും. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിന് 3.96 ഏക്കർ വിസ്തൃതിയുണ്ട്. വർഷങ്ങൾക്കു മുൻപ് ഇവിടെ അശാസ്ത്രീയമായി നിർമിച്ച ഗാലറി നഗരസഭ പൊളിച്ചു നീക്കിയിരുന്നു. നവീകരണത്തിനായി എസ്റ്റിമേറ്റ് തയാറാക്കുന്നുണ്ട്. ഫണ്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അനുവദിക്കും. നവീകരണം നടപ്പായാൽ ജില്ലയിലെ പ്രധാന കായിക കേന്ദ്രമായി പറവൂർ മാറും.
ചാത്തനാട് – കടമക്കുടി പാലം
എറണാകുളം - പറവൂർ നഗരങ്ങളെ ബന്ധിപ്പിക്കാൻ വിഭാവനം ചെയ്ത മൂലമ്പിള്ളി – ചാത്തനാട് തീരദേശ പാതയിലെ ചാത്തനാട് – കടമക്കുടി പാലം നിർമാണം പൂർത്തിയാകും. പക്ഷേ, കടമക്കുടി - പിഴല, പിഴല - മൂലമ്പിള്ളി പാലങ്ങൾ കൂടി പൂർത്തിയായാലേ പദ്ധതി പൂർണമാകൂ. മൂലമ്പിള്ളി - പിഴല പാലം നിർമിച്ചെങ്കിലും പിഴല - കടമക്കുടി പാലം നിർമാണം ആരംഭിച്ചിട്ടില്ല.

സാധ്യതയുള്ള മറ്റു ചില പദ്ധതികൾ
∙ പറവൂർ താലൂക്ക് ആശുപത്രിയിൽ പുതിയ 3 നില കെട്ടിട നിർമാണം തുടങ്ങും
∙ ഏഴിക്കര കടക്കരയിലെ ആമ്പത്തോട് പാലം നിർമാണം തുടങ്ങും
∙ കോഴിത്തുരുത്ത് പാലം നിർമാണം തുടങ്ങും
∙ ചെമ്മായം പാലം നിർമാണം തുടങ്ങും
∙ തത്തപ്പിള്ളി – വള്ളുവള്ളി പാലം നിർമാണം പൂർത്തിയാകും
∙പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ മൾട്ടി പർപ്പസ് ഹാൾ നിർമാണം തുടങ്ങും

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com