ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് ബജറ്റിൽ 10 കോടി

Mail This Article
കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ. കഴിഞ്ഞ ബജറ്റിലും 10 കോടി രൂപ ലഭിച്ചിരുന്നു. ബ്രേക്ക്ത്രൂ പദ്ധതിയുടെ 3,4 ഘട്ടങ്ങളിലെ ജോലികളാണു നിലവിൽ പുരോഗമിക്കുന്നത്. ഇതിനകം 36 കോടി രൂപയോളം ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിക്കായി ലഭിച്ചിട്ടുണ്ട്.ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ കുറയ്ക്കാൻ ഏറെ പ്രയോജനകരമാണെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. മുല്ലശേരി കനാൽ നവീകരണത്തിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോൾ നടന്നു വരുന്നത്. കനാൽ നവീകരണ ജോലികൾ നിശ്ചിത സമയത്തു തീർക്കാനായിട്ടില്ല. ജോലികൾ ജൂണിൽ തീർക്കണമെന്നു മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം നിർദേശിച്ചിരുന്നു.ക
നാലിന്റെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പിൻവശത്തെ സ്ലാബ് നിർമാണം ഇപ്പോൾ നടക്കുന്നുണ്ട്. കെഎസ്ആർടിസി റോഡ് മുതൽ ചിറ്റൂർ റോഡ് വരെ, ഫാഷൻസ്ട്രീറ്റ് റോഡ്, എംജി റോഡ് മുതൽ പിടി ഉഷ റോഡ് വരെ എന്നിവിടങ്ങളിലെ കാന നിർമാണവും പുരോഗമിക്കുകയാണ്. ബ്രേക്ക്ത്രൂ പദ്ധതിയിലെ നാലാം ഘട്ടത്തിൽ ഉൾപ്പെടുന്ന കമ്മട്ടിപ്പാടത്തെ കലുങ്കുകളുടെയും കനാലിന്റെയും പുനർനിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കായൽ വരെയുള്ള കാനകളുടെ നവീകരണ ജോലികൾ ഉൾപ്പെടെ നാലാം ഘട്ടത്തിലാണു നടക്കുക. ജില്ല ഭരണകൂടത്തിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ വകുപ്പാണ് ഓപ്പറേഷൻ ബ്രേക്ക്ത്രൂവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിക്കായി 20 കോടി രൂപയാണു മേയർ ധനകാര്യ മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നതെങ്കിലും 10 കോടി രൂപയാണ് അനുവദിച്ചത്. നഗരത്തിലെ വെള്ളക്കെട്ട് നിവാരണ ജോലികൾക്കായി തുടർച്ചയായി സംസ്ഥാന സർക്കാർ സഹായം ലഭിക്കുന്നതു പ്രതീക്ഷ നൽകുന്നതാണെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.