റോഡിൽ ഉപ്പും സൾഫറും: പാതാളത്തെ ഓട്ടോ ഡ്രൈവർമാർക്ക് പിടിപ്പതു പണി!
Mail This Article
ഏലൂർ ∙ പാതാളത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കു പിടിപ്പതു പണിയാണ്. ഓട്ടോ ഓടിച്ചു കുടുംബം പുലർത്താനെത്തുന്ന അവർക്ക് റോഡിൽ വീഴുന്ന ഉപ്പ്, സൾഫർ എന്നിവയൊക്കെ വാരി മാറ്റി അപകടത്തിൽ പെടാതെ മറ്റു വാഹനയാത്രക്കാരെയും സംരക്ഷിക്കണം.
വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് അസംസ്കൃത വസ്തുക്കൾ കയറ്റിവരുന്ന ലോറികളിൽ നിന്നാണു ഇവ റോഡിൽ വീഴുന്നത്. ഇതിനെതിരെ നാട്ടുകാരും പ്രതികരിച്ചിട്ടുണ്ട്. ടിസിസി കമ്പനിയിലേക്കു ഉപ്പുമായി വരുന്ന ലോറി ഡ്രൈവർമാരെ പലപ്പോഴും തടഞ്ഞുനിർത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കമ്പനി അധികാരികളെയും വിവരം അറിയിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളിൽ നിയന്ത്രണം ഉണ്ടാവുമെങ്കിലും പിന്നീടു പഴയതുപോലെയാവും. എച്ച്എംടി ജംക്‌ഷൻ, പുതിയറോഡ് എന്നിവിടങ്ങളിലും പാതാളത്തേതുപോലെ സമാനമായി ലോറികളിൽ നിന്നു വൻതോതിൽ സൾഫറും ഉപ്പും വീഴുന്നതു പതിവാണ്.