ആനാട്ട്തോട്ടിലേക്കു മലിനജലം; പരിശോധന നടത്തി
Mail This Article
അങ്കമാലി ∙ വ്യവസായശാലകളിൽ നിന്ന് ആനാട്ട്തോട്ടിലേക്കു മലിനജലം ഒഴുക്കുന്നതിന് എതിരെയുള്ള പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നടപടി എടുക്കാത്തതിനെ തുടർന്നാണു പരാതി നൽകിയത്. പ്രദേശത്തെ വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്നു വൻതോതിൽ രാസപദാർഥങ്ങളാണ് തോട്ടിലേക്ക് ഒഴുക്കുന്നത്.
ഇതുസംബന്ധിച്ചു കർഷകരും പ്രദേശവാസികളും ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.വ്യവസായശാലകളിൽ നിന്നു വലിയകുഴലുകൾ വഴിയാണു മലിനജലം ഒഴുക്കുന്നത്. കാടുമൂടിക്കിടക്കുന്ന ഏക്കർ കണക്കിനു സ്ഥലത്തേക്കു മലിനജലം എത്തുന്നതിനാൽ സമീപത്തെ കിണറുകളിലേക്ക് ഉറവയായി മലിനജലം എത്തുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കുളിക്കുന്നതിനും കൃഷിക്കുമായി ആശ്രയിച്ചിരുന്ന ആനാട്ട്തോട് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. തോട്ടിൽ ഇറങ്ങിയാൽ ശരീരമാകെ ചൊറിഞ്ഞു തടിച്ചു പൊങ്ങുന്ന അവസ്ഥ.
ആനാട്ട്തോട്ടിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. രാസപദാർഥങ്ങൾ അടങ്ങിയതിനാൽ കൃഷി ഉണങ്ങും. ഏക്കർ കണക്കിന് ഭൂമിയുള്ള സ്ഥാപനങ്ങൾ പൊതുജലാശയമായ ആനാട്ട്തോടിന്റെ ഇരുകരകളും കയ്യേറി ജനങ്ങൾക്ക് നടക്കാൻ പറ്റാതായി. തോടിന്റെ ഭിത്തിയിൽ മതിൽ കെട്ടിയും കയ്യേറിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഉണ്ടെങ്കിലും വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല.
അവരവരുടെ മാലിന്യം ഒഴുക്കി വിടാനായി കൈത്തോടുകളെ സ്വകാര്യ കമ്പനികളുടെ അകത്തു കൂടി ഒഴുക്കിയെന്നും നാട്ടുകാർ ആരോപിച്ചു.റവന്യു വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും അങ്കമാലി നഗരസഭയും കാലടി പഞ്ചായത്തും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് സാധാരണക്കാരായ ജനങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കൗൺസിലർ എ.വി.രഘു അറിയിച്ചു