കൊമ്പന്റെ ആക്രമണം നടക്കുന്നതിനിടെ പിന്തുടർന്നെത്തി കൂട്ടത്തിലെ മറ്റാനകൾ; ഞെട്ടൽ മാറാതെ ബിജു
Mail This Article
അങ്കമാലി ∙ കൊല്ലാനായി തുമ്പിക്കൈ നീട്ടി പാഞ്ഞുവരുന്ന കാട്ടാന. എല്ലാ ഈശ്വരന്മാരെയും ഓർത്തു. അമ്മേയെന്നു നീട്ടിവിളിച്ചു. പിന്നെ വീണു. കുറച്ചുനേരത്തേക്ക് ഒന്നും ഓർമയില്ലാതെയായി. ആരൊക്കെയോ വന്നു വിളിച്ചപ്പോഴാണു സ്ഥലകാല ബോധം ഉണ്ടായത്. ജീവൻ നഷ്ടമായില്ലെന്നറിഞ്ഞതും. കാട്ടാനയുടെ ആക്രമണത്തിൽ നിന്നു കഷ്ടിച്ചു ജീവൻ തിരികെ കിട്ടിയ പ്ലാന്റേഷൻ ടാപ്പിങ് തൊഴിലാളി പാണ്ടുപാറ പുതുശേരി പി.വി.ബിജുവിന് (52) ആക്രമണത്തിന്റെ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ല. കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനുള്ള ഓട്ടത്തിനിടയിൽ ഗുരുതരമായി പരുക്കേറ്റ ബിജു അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ടാപ്പിങ്ങിന് ഇറങ്ങുന്ന തോട്ടത്തിൽ സാധാരണയായി കാട്ടാനകളെ കാണാറുണ്ട്. അവയെ ഓടിച്ചു വിട്ടശേഷമാണു ജോലി തുടങ്ങുക.
ഇന്നലെ രാവിലെ തോട്ടത്തിൽ കാട്ടാനകൾ ഉണ്ടായിരുന്നു.കുട്ടിയാന ഉൾപ്പെടെ 9 കാട്ടാനകളുടെ കൂട്ടമായിരുന്നു അത്. തൊഴിലാളികൾ കാട്ടാനകളെ ഓടിച്ചു. കുറച്ചുദൂരം വരെ കാട്ടാനകൾ പോയി. അതിനിടെ ഒരു കൊമ്പനാന തിരിച്ചു തൊഴിലാളികളുടെ അടുത്തേക്കു പാഞ്ഞുവന്നു. ബിജുവിനെ കൂടാതെ വിനു, പ്രഭ സുധൻ, അഭിലാഷ് എന്നീ തൊഴിലാളികളെയും കാട്ടാന ഓടിച്ചു. ഇവർ നാലു പേരും നാലുഭാഗത്തേക്കും ചിതറിയോടി. തൊട്ടുതൊട്ടില്ല എന്ന മട്ടിലായിരുന്നു കാട്ടാനയെത്തിയത്. പലപ്രാവശ്യം വീണു. അവിടെ നിന്ന് എഴുന്നേറ്റോടി. വെള്ളമില്ലാത്ത ഒരു ചെറിയ തോട്ടിലേക്കു വീണുപോയി. മറ്റുള്ളവരെ ആക്രമിക്കാൻ തിരിഞ്ഞതിനാൽ തോട്ടിൽ വീണു കിടന്ന തന്നെ കാട്ടാന കണ്ടുകാണില്ല. ഭാഗ്യം കൊണ്ടാണു ജീവൻ രക്ഷപ്പെട്ടത്– ബിജു പറഞ്ഞുപ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പ് അതിരപ്പിള്ളി എസ്റ്റേറ്റിൽ പതിനാറാം ബ്ലോക്ക് സി–2 ൽ ഇന്നലെ രാവിലെ 6.45നാണ് തൊഴിലാളികളെ കാട്ടാനക്കൂട്ടം ആക്രമിച്ചത്.
കാട്ടാനക്കൂട്ടത്തെ തുരത്തി ഓടിക്കുന്നതിനിടെ ഒരു വലിയ കൊമ്പനാനയാണ് തിരിഞ്ഞ് തൊഴിലാളികളുടെ നേരെ പാഞ്ഞടുത്തത്.നാലുപേരെയും ഇടവിട്ട് ഇടവിട്ട് ഈ കാട്ടാന ആക്രമിക്കാനെത്തി. ഇതിനിടെയാണു ബിജു വീണത്. കാട്ടാനകളെ ബഹളം വച്ച് ഓടിച്ച ശേഷം തോട്ടത്തിൽ അര മണിക്കൂറോളം നേരം അന്വേഷിച്ചതിനെ തുടർന്നാണു തോട്ടിൽ വീണു കിടന്ന ബിജുവിനെ കണ്ടെത്തിയത്. ബിജുവിനെ എസ്റ്റേറ്റ് മാനേജരുടെ വാഹനത്തിൽ പ്ലാന്റേഷൻ ആശുപത്രിയിലും അവിടെ നിന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാരിയെല്ലുകൾക്കു പൊട്ടലുണ്ട്. നെഞ്ചിനും മുഖത്തും പരുക്കുണ്ട്.കുറച്ചുനേരം കൂടി കാട്ടാനയുടെ ആക്രമണം തുടർന്നെങ്കിൽ കാട്ടാന ജീവനെടുക്കുമായിരുന്നെന്ന് ആക്രമണത്തിൽ രക്ഷപ്പെട്ട തൊഴിലാളി വിനു പറഞ്ഞു.കൊമ്പനാനയുടെ ആക്രമണം നടക്കുന്നതിനിടെ പിന്നാലെ കൂട്ടത്തിലെ മറ്റാനകളും എത്തി. അപ്പോഴേക്കും കുറച്ചുദൂരത്തേക്കു മാറാനായതാണ് രക്ഷയായത്. മറ്റുള്ളവരെ ആക്രമിക്കുന്നതിലേക്കു ശ്രദ്ധ തിരിഞ്ഞതിനാലാണു ബിജുവിന്റെ ജീവൻ രക്ഷപ്പെട്ടത്.
പ്ലാന്റേഷൻ കോർപറേഷൻ കല്ലാല, അതിരപ്പിള്ളി എസ്റ്റേറ്റുകളിൽ കാട്ടാനശല്യം രൂക്ഷമാണ്. മുപ്പതും നാൽപതും വരുന്ന കാട്ടാനക്കൂട്ടങ്ങളാണ് തോട്ടത്തിലിറങ്ങുന്നത്. കാട്ടാനക്കൂട്ടങ്ങളെ തുരുത്തുമ്പോൾ അവ ആക്രമിക്കാനായി പാഞ്ഞടുക്കുന്നത് പതിവായിട്ടുണ്ട്. ഭൂരിഭാഗം തോട്ടങ്ങളിലും കാട്ടാനക്കൂട്ടങ്ങളുണ്ട്. രാവിലെ അവയെ ഓടിച്ചശേഷമാണു ജോലി തുടങ്ങാനാകുക. കാട്ടാനകളെ ഓടിക്കുന്നതിനിടയിലും ആക്രമണങ്ങളിലും തൊഴിലാളികൾക്കു പരുക്കേൽക്കുന്നതു പതിവായിട്ടുണ്ട്. ജനജീവിതം ദുസ്സഹമാക്കി എങ്ങും കാട്ടാനക്കൂട്ടമാണ്.പ്ലാന്റേഷൻ റോഡുകളിൽ കാട്ടാനകൾ ഗതാഗതം തടസ്സപ്പെടുത്തുന്നത് പതിവാണ്. എസ്റ്റേറ്റുകളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം നടത്തുകയാണ്.വേനൽ കനക്കുമ്പോൾ വനത്തിൽ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാകുമ്പോഴാണു കാട്ടാനക്കൂട്ടം ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്.
പ്ലാന്റേഷൻ സ്കൂളിനും ആശുപത്രിക്കും ക്വാർട്ടേഴ്സുകൾക്കും പാൽപുരകൾക്കും നേരെ ഒട്ടേറെ പ്രാവശ്യം കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വനത്തിനുള്ളിൽ വലിയ കൃത്രിമജലാശയങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ ചർച്ച ചെയ്തിരുന്നു. ഹാങ്ങിങ് വേലി പദ്ധതിക്ക് അനുമതി ആയിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. കാട്ടാനകളെ നിയന്ത്രിക്കുന്നതിനു പ്ലാന്റേഷൻ കോർപറേഷനും വനംവകുപ്പും എടുത്തിട്ടുള്ള നടപടികൾ ഫലപ്രദമല്ല.എസ്റ്റേറ്റുകളിലും ഓയിൽ പാം ഡിവിഷനിലും ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമെന്നും തൊഴിലാളികൾക്കു ഭയരഹിതമായി ജോലി ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും കാലടി പ്ലാന്റേഷൻ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്റ് പി.ജെ ജോയി ആവശ്യപ്പെട്ടു.