വന്ദേ ഭാരത് ട്രെയിനിൽ പുക; രണ്ടിടത്തു പിടിച്ചിട്ടു
Mail This Article
ആലുവ ∙ പുക കണ്ടതിനെത്തുടർന്നു വന്ദേഭാരത് ട്രെയിനിൽ അലാം മുഴങ്ങി. ട്രെയിൻ രണ്ടിടത്തായി അര മണിക്കൂർ പിടിച്ചിട്ടതോടെ യാത്രക്കാർ വലഞ്ഞു. എയ്റോസോൾ ഫയർ എക്സ്റ്റിങ്ഗ്യൂഷറിൽ നിന്നു പുറത്തു വന്ന തീ കെടുത്താനുള്ള ഫോമും പുകയും കംപാർട്ട്മെന്റിൽ പരന്നതു യാത്രക്കാരെ പരിഭ്രാന്തരാക്കി. തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കുള്ള ട്രെയിൻ ഇന്നലെ രാവിലെ 8.55നു കളമശേരി കഴിഞ്ഞപ്പോൾ സി 5 കോച്ചിൽ നിന്നാണു പുക ഉയർന്നത്. അതോടെ അലാം മുഴങ്ങി. ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചു.
അമ്പാട്ടുകാവിൽ 7 മിനിറ്റും ആലുവ സ്റ്റേഷനിൽ 23 മിനിറ്റും ട്രെയിൻ പിടിച്ചിട്ടു. പരിശോധന പൂർത്തിയാക്കി 9.24നാണു വീണ്ടും ആലുവയിൽ നിന്നു പുറപ്പെട്ടത്. ആരോ ശുചിമുറിയിൽ പുക വലിച്ചെന്നാണ് ആദ്യം പരന്ന അഭ്യൂഹം. എന്നാൽ, പുകവലിച്ചയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ശുചിമുറിയിൽ പുക ഉയർന്നപ്പോൾ എയ്റോസോൾ എക്സ്റ്റിങ്ഗ്യൂഷറിലെ സെൻസറുകൾ പ്രവർത്തിക്കുകയും തീപിടിത്തം നിയന്ത്രിക്കാനുള്ള നൈട്രജനും കാർബൺഡയോക്സൈഡും കലർന്ന ഫോം പുറത്തേക്കു വരികയും ചെയ്യുകയാണുണ്ടായത്.
അതേസമയം, ട്രെയിനിലെ ക്ലീനിങ് ജീവനക്കാരിൽ ആരോ ശുചിമുറിയിലെ ഫയർ എക്സ്റ്റിങ്ഗ്യൂഷർ അശ്രദ്ധമായി കൈകാര്യം ചെയ്തതോടെയാണു പുക ഉയർന്നതെന്നു റെയിൽവേ അധികൃതർ രാത്രി വിശദീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും അറിയിച്ചു.