കാത്തുനിൽപു കേന്ദ്രം പൊളിച്ചു; ഗതാഗതക്കുരുക്കിനു മാറ്റമില്ല: യാത്രക്കാർ പൊരിവെയിലത്ത്

Mail This Article
അങ്കമാലി ∙ പഴയ മുനിസിപ്പൽ ഓഫിസിന് എതിർവശത്ത് എസ്ബിഐയ്ക്ക് മുന്നിലെ ബസ് കാത്തുനിൽപു കേന്ദ്രം പൊളിച്ചു നീക്കിയിട്ടും ഇവിടത്തെ ഗതാഗതക്കുരുക്കിനു ശമനമില്ല. യാത്രക്കാർ പൊരിവെയിലത്താണ് ബസ് കാത്തു നിൽക്കുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും പകരം സംവിധാനം ഒരുക്കിയിട്ടില്ല.മാഞ്ഞാലി, പറവൂർ, പെരുമ്പാവൂർ ഭാഗത്തേക്കുള്ള യാത്രക്കാരാണ് ബസ് കാത്തിരിപ്പു കേന്ദ്രം ഉപയോഗിച്ചിരുന്നത്.
ഈ ബസ് സ്റ്റോപ്പിൽ സ്വകാര്യ ബസുകൾ ഏറെ നേരം നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. ചില സമയങ്ങളിൽ നാലു സ്വകാര്യബസുകൾ വരെ ഇവിടെ ഒന്നിനു പിന്നാലെ ഒന്നായി കിടക്കാറുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രം നീക്കം ചെയ്തിട്ടും ഈ അവസ്ഥയ്ക്കു മാറ്റമൊന്നുമില്ല. വീതി കുറഞ്ഞ ഭാഗത്ത് ഒന്നിലേറെ ബസുകൾ നിർത്തിയിടുന്നതും നിർത്തിയിട്ടിരിക്കുന്ന ബസിനെ മറികടന്നു പോകുന്നതുമൊക്കെ വൻ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടാക്കുന്നത്.
പൊളിച്ചുമാറ്റിയ ബസ് കാത്തുനിൽപു കേന്ദ്രത്തിൽ നിന്നു 50 മീറ്റർ മുന്നോട്ടു നീക്കി വീതിയുള്ള സ്ഥലത്ത് പുതിയതു നിർമിക്കാം.എന്നാൽ ഇതിനുള്ള നടപടികളൊന്നും ആയിട്ടില്ല. മുൻപ് എതിർപ്പുകളെ തുടർന്നാണ് അശാസ്ത്രീയമായി ബസ് കാത്തുനിൽപു കേന്ദ്രം നിർമിക്കേണ്ടി വന്നത്. ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം ദേശീയപാതയിൽ കരയാംപറമ്പ് മുതൽ അങ്കമാലി വരെയുള്ള ഭാഗം എല്ലാ സമയങ്ങളിലും ഗതാഗതക്കുരുക്കിലാണ്. ഗതാഗത സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. ഗതാഗത നിയന്ത്രണത്തിനു ചിട്ടയായ സംവിധാനമൊരുക്കാൻ നഗരസഭയും പൊലീസും ശ്രമിക്കുന്നില്ല. അനധികൃത പാർക്കിങ്ങിന് എതിരെയും നടപടികളില്ല. കരയാംപറമ്പ് പാലത്തിന്റെ അനുബന്ധ റോഡുകളുടെ വശങ്ങളിൽ ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
ക്യാംപ് ഷെഡ് റോഡ് ഉൾപ്പെടെയുള്ള റോഡുകളിലും അനധികൃത പാർക്കിങ്ങുണ്ട്.ദേശീയപാത കുറുകെ കടന്നു കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിലേക്കു കയറുന്നതും തിരിച്ചു പോകുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. ഒട്ടേറെ അപകടങ്ങളും ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. ജീവഭയത്തോടെയാണു വിദ്യാർഥികൾ ഉൾപ്പെടെയുള്ള ബാങ്ക് ജംക്‌ഷൻ കുറുകെ കടക്കുന്നത്.അങ്കമാലി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളുമില്ല. ട്രാഫിക് കമ്മിറ്റി യോഗം ചേർന്നു ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.