മിഷേൽ ഷാജിയുടെ മരണം: അന്വേഷണ വീഴ്ചകൾ ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകി
Mail This Article
പിറവം∙ കൊച്ചിക്കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിലെ അന്വേഷണ വീഴ്ചകൾ ചൂണ്ടിക്കാട്ടി പൊലീസ് പരാതി പരിഹാര സെല്ലിനു പിതാവ് ഷാജി വർഗീസ് പരാതി നൽകി. മരണം നടന്നു 7 വർഷം പൂർത്തിയായ ദിനമായ ഇന്നലെയാണു പരാതി നൽകിയത്. കൊച്ചിയിലെ 3 പൊലീസ് സ്റ്റേഷനുകളിൽ നിന്നു നേരിട്ട ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണു പരാതി.
2017 മാർച്ച് 5നു കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്നു വൈകുന്നേരം കലൂർ പള്ളിയിൽ പ്രാർഥനയ്ക്കു പോയ മിഷേലിനെ പിന്നീടു കാണാതാവുകയായിരുന്നു. ഗോശ്രീ പാലത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് വിശദീകരണം. മരണവുമായി ബന്ധപ്പെട്ടു തങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കു ഒരിക്കൽ പോലും വ്യക്തമായ മറുപടി പൊലീസിൽ നിന്നു ലഭിച്ചില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു.ചരമ അനുസ്മരണത്തിന്റെ ഭാഗമായി കർമസമിതിയുടെ നേതൃത്വത്തിൽ 10നു 9.30നു മുളക്കുളം കർമേൽകുന്ന് പള്ളിയിൽ നടക്കുന്ന യോഗം അഭിഭാഷക ടി.ബി.മിനി ഉദ്ഘാടനം ചെയ്യും.