ADVERTISEMENT

പറവൂർ ∙ കാലപ്പഴക്കമുള്ള ട്രാഫിക് സിഗ്നലുകൾ നഗരത്തിലെ കവലകളെ അപകടമേഖലയാക്കുന്നു. ചേന്ദമംഗലം കവലയിലാണ് ഏറ്റവും വലിയ അപകടഭീഷണി. അടിക്കടി തകരാറിലാകുന്ന പഴഞ്ചൻ സിഗ്നലുകൾ മാറ്റി പുത്തൻ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. 10 വർഷത്തിലേറെ പഴക്കമുള്ള കംപ്യൂട്ടറൈസ്ഡ് സംവിധാനത്തിലാണു നഗരത്തിലെ ട്രാഫിക് സിഗ്നലുകളുടെ പ്രവർത്തനം. ചേന്ദമംഗലം, കെഎംകെ, തെക്കേനാലുവഴി, മുനിസിപ്പൽ കവലകളിൽ ഒരേ കാലഘട്ടത്തിലാണ് സിഗ്നൽ സ്ഥാപിച്ചത്. തെക്കേനാലുവഴി, കെഎംകെ കവലകളിലേതു വർഷങ്ങൾക്കു മുൻപേ നശിച്ചു. മുനിസിപ്പൽ കവലയിൽ പ്രവർത്തനക്ഷമമാണെങ്കിലും ഇടയ്ക്കിടെ തകരാറിലാകുന്നുണ്ട്. 

പുല്ലംകുളത്തു നിന്നു ചേന്ദമംഗലം കവലയിലെത്തുന്ന വാഹനങ്ങൾക്ക് ചേന്ദമംഗലത്തേക്ക് പോകാനുള്ള സിഗ്നൽ പ്രവർത്തിക്കുന്നില്ല. രാത്രി ഏഴര കഴിയുന്നതോടെ നാലു വശത്തെയും ചുവന്ന ലൈറ്റ് മാത്രം തെളിഞ്ഞു നിൽക്കും. ഈ സമയമാകുമ്പോൾ സിഗ്നൽ ഓഫ് ചെയ്യുകയാണ് പതിവ്. കവലയുടെ തെക്കുഭാഗത്തെ സിഗ്നൽ പോസ്റ്റ് വാഹനമിടിച്ചു ചരിഞ്ഞാണ് നിൽക്കുന്നത്.  അടുത്തിടെ ചെറുതും വലുതുമായ അഞ്ചോളം അപകടങ്ങളുണ്ടായെങ്കിലും ഭാഗ്യം കൊണ്ട് ആർക്കും     ജീവഹാനിയുണ്ടായില്ല. 

ഇടുങ്ങിയ കവലയായതു ചേന്ദമംഗലം ജംക്‌ഷനിലെ അപകടസാധ്യത വർധിപ്പിക്കുന്നു. വഴി പരിചയമില്ലാത്ത യാത്രക്കാർക്ക് ഇതൊരു കവലയാണെന്നു തിരിച്ചറിയാനാകില്ല. എയർപോർട്ടിലും മറ്റും പോകുന്ന ഒട്ടേറെ ദീർഘദൂര യാത്രക്കാർ രാത്രി സമയങ്ങളിൽ കവലയിലൂടെ കടന്നുപോകുന്നുണ്ട്. കവലയിൽ എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ വണ്ടി മുന്നോട്ടെടുക്കണോയെന്ന സംശയത്തിൽ പകച്ചു നിൽക്കുന്നതു പതിവാണ്. പകൽ സമയത്തു ട്രാഫിക് പൊലീസ് ഇല്ലാതെ ഗതാഗതം നിയന്ത്രിക്കുക പ്രയാസമാണ്. നേരത്തെ, ഏറെക്കാലം ദിശമാറി തെളിഞ്ഞ സിഗ്നൽ നഗരസഭ ഇടപെട്ടു     നന്നാക്കിയെങ്കിലും വൈകാതെ    വീണ്ടും തകരാറിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com