ശുദ്ധ ജല വിതരണ പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങി

Mail This Article
കോലഞ്ചേരി ∙ ചൂണ്ടി– രാമമംഗലം റോഡിൽ റീടാറിങ് നടത്തിയ മീമ്പാറ ഭാഗത്ത് ശുദ്ധ ജല വിതരണ പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങി. മീമ്പാറ പെട്രോൾ പമ്പിനു സമീപം ഇന്നലെ ഉച്ചയ്ക്കാണ് പൈപ്പ് പൊട്ടിയത്. ഇൗ ഭാഗത്തായിരുന്നു ഇന്നലെ റീ ടാറിങ്. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ 22ന് ആണ് ഈ റോഡിൽ റീടാറിങ് ആരംഭിച്ചത്. പുതിയ പൈപ്പ് സ്ഥാപിക്കാനായി കുത്തിപ്പൊളിച്ച റോഡ് ഒന്നര വർഷത്തോളമായി നന്നാക്കാതെ കിടക്കുകയായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന് 7.27കോടി രൂപ സർക്കാർ അനുവദിച്ചു.
തിരഞ്ഞെടുപ്പിനു മുൻപ് റീടാറിങ് പൂർത്തിയാക്കാൻ ദ്രുതഗതിയിൽ പണികൾ നടക്കുകയായിരുന്നു. ഭാരവണ്ടികൾ പോകുന്ന റോഡിൽ ഇനിയും പൈപ്പ് പൊട്ടാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു. രാമമംഗലം കുടുംബനാട് പമ്പ് ഹൗസിൽ നിന്ന് മൂവാറ്റുപുഴയാറിലെ വെള്ളം പമ്പ് ചെയ്ത് ചൂണ്ടിയിലെ ശുദ്ധീകരണ ശാലയിൽ എത്തിച്ച് വിവിധ പഞ്ചായത്തുകളിലേക്കും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലേക്കും വിതരണം ചെയ്യുന്ന ഇൗ പദ്ധതിയിൽ ദുരിതം അനുഭവിക്കുന്നത് ഏറെയും ചൂണ്ടി – രാമമംഗലം റോഡിലെ യാത്രക്കാരും സമീപവാസികളും വ്യാപാരികളുമാണ്.