ADVERTISEMENT

മൂവാറ്റുപുഴ∙ 33 വർഷം മുൻപ് അംഗീകരിച്ച മാർക്കറ്റ് ഏരിയ നഗരാസൂത്രണ പദ്ധതിയിലെ അപാകതകൾ പരിഹരിക്കാൻ ഊർജിത നീക്കം. 1991 ഓഗസ്റ്റിൽ ആണ് മുനിസിപ്പൽ മാർക്കറ്റിനു ചുറ്റുമുള്ള 60. 5 ഹെക്ടർ ഭൂമിയുടെ ആസൂത്രിത വികസനം ലക്ഷ്യമിട്ടു തയാറാക്കിയ പദ്ധതി സർക്കാർ അംഗീകരിച്ചത്. കർശന നിർദേശങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. എല്ലാ നിർമാണങ്ങളുടെയും മുന്നിൽ കുറഞ്ഞത് 3 മീറ്റർ തുറന്ന ഇടവും പിന്നിൽ 3 മീറ്റർ വീതിയിൽ സെറ്റ് ബാക്കും നൽകേണ്ടതാണ്. പാർപ്പിട മേഖലയിലെ പ്രവേശന റോഡുകളുടെ വീതി 7 മീറ്ററിൽ കുറവായിരിക്കരുത്. പാർക്കിങ് സൗകര്യം നിർബന്ധമായും ഉണ്ടാകണം തുടങ്ങിയ ഒട്ടേറെ നിബന്ധനകൾ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

വാണിജ്യ കേന്ദ്രം, പാർപ്പിട മേഖല, വാണിജ്യ ഉപയോഗ മേഖല, മിശ്ര ഉപയോഗ മേഖല എന്നിങ്ങനെ വേർതിരിച്ച് മറ്റു നിബന്ധനകളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പദ്ധതിയിൽ നിർദേശിച്ചിരുന്ന നിബന്ധനകളെല്ലാം കാറ്റിൽ പറത്തിയാണു മാർക്കറ്റ് ഏരിയയിൽ വികസന പ്രവർത്തനങ്ങൾ നടന്നിരിക്കുന്നതെന്നാണു നഗരസഭയുടെ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

നിബന്ധനകൾ മറന്നു
∙ പദ്ധതിയിൽ നിർദേശിച്ചിരുന്ന നിബന്ധനകളെല്ലാം കാറ്റിൽ പറത്തിയാണു മാർക്കറ്റ് ഏരിയയിൽ വികസന പ്രവർത്തനങ്ങൾ നടന്നത് എന്നാണു നഗരസഭയുടെ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പാർപ്പിട ആവശ്യങ്ങൾക്കായി ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങളിൽ വാണിജ്യ കെട്ടിടങ്ങളും  ആശുപത്രിയും നിലവിൽ ഉണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള സ്ഥലത്ത് പാർ‌പ്പിടങ്ങളും ആശുപത്രിയും ബസ് സ്റ്റാൻഡും നിർമിച്ചിട്ടുണ്ട്. ലോറി സ്റ്റാൻഡിനായി കണ്ടെത്തിയ സ്ഥലത്ത് വാണിജ്യ കെട്ടിടങ്ങളും പാർപ്പിടങ്ങളും ആണ് ഉള്ളത്.

തിരുത്താൻ നീക്കം
∙ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നു തിരിച്ചറിഞ്ഞതോടെ പദ്ധതിയിൽ ആവശ്യമായ വ്യതിയാനം വരുത്തുന്നതിനായി പ്രത്യേക കൗൺസിൽ ചേർന്നു. കരട് പദ്ധതി കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടൗൺ പ്ലാനറുടെ അംഗീകാരത്തിനായി കരട് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com